യൗവനകാലത്ത് കൃഷിയിടത്തു നിന്നു ലഭിച്ച മോതിരത്തിന്റെ ഇപ്പോഴത്തെ മൂല്യം അറിഞ്ഞ് നിരാശയോടെ ഇരിക്കുകയാണ് ഒരു മനുഷ്യന്. 1979ലാണു ടോം ക്ലര്ക്ക് എന്ന വ്യക്തിക്കു യുകെയിലെ കൃഷിയിടത്തില് നിന്ന് ഒരു മോതിരം ലഭിച്ചത്.
മെറ്റല് ഡിറ്റക്ടര് ഉപയോഗിച്ചു ഭൂമിക്കടിയിലെ ലോഹവസ്തുക്കള് തിരയുന്നതിനിടയിലാണ് മോതിരം ലഭിക്കുന്നത്. മോതിരത്തിന് വലിയ പ്രധാന്യമൊന്നും തോന്നാതിരുന്നതോടെ അന്ന് അമ്മവീട്ടിലെ ഗരാഷില് സൂക്ഷിച്ചു.
എട്ട് വര്ഷം മുന്പ് അമ്മ മരിച്ചു. അപ്പോള് വീട്ടിലെ വസ്തുക്കളെല്ലാം തരംതിരിക്കുന്നതിനിടയിലാണ് ഈ മോതിരം ടിന്നിലടച്ച നിലയില് വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. മോതിരത്തിനു പ്രത്യേകതയുണ്ടെന്നു തോന്നിയതോടെ സമീപത്തെ മ്യൂസിയത്തില് പരിശോധന നടത്തുകയായിരുന്നു.
ടോമിന്റെ ഊഹം തെറ്റിയില്ല. ഉയര്ന്ന തോതില് സ്വര്ണമുണ്ടായിരുന്നു ആ മോതിരത്തില്. അക്കാലത്ത് ഉന്നതപദവിയിലിരുന്ന ആരുടെയോ മോതിരമായിരുന്നു അത്. 670 കൊല്ലമായിരുന്നു അതിന്റെ പഴക്കം. അതായത് എഡി 1350ല് നിര്മിച്ചത്.
ലാറ്റിന് ഭാഷയില് എഴുത്തുകളുണ്ടായിരുന്നു മോതിരത്തില് യഥാര്ഥ സന്ദേശങ്ങള് ഞാന് മറച്ചുവയ്ക്കുന്നു എന്നായിരുന്നു എഴുത്തിന്റെ അര്ഥം. മോതിരത്തില് ഒരാളുടെ ചിത്രവും കൊത്തിവച്ചിരുന്നു.
ഇത്രയും പഴക്കമുള്ള മോതിരം ലേലത്തില് വെയ്ക്കാന് തന്നെ ടോം തീരുമാനിച്ചു. 8.5 ലക്ഷം രൂപ വരെയാണു വിലയിട്ടിരിക്കുന്നത്. മോതിരം കണ്ടെത്തിയ കൃഷിഭൂമിയില് ഇപ്പോള് വമ്പന് വീടുകള് നിറഞ്ഞു. അതിനാല് തന്നെ കൂടുതല് നിധിക്കുള്ള സാധ്യതയും നഷ്ടമായി.
മോതിരം പുറത്തെടുക്കുന്ന സമയത്ത് അതു വളഞ്ഞു പോയതിനാല് കാര്യമായി ശ്രദ്ധിച്ചിരുന്നില്ലെന്നും ടോം പറയുന്നു. എന്തുകൊണ്ടാണ് ഇത്രയും കാലം മോതിരം പുറംലോകത്തിനു മുന്നിലെത്തിക്കാതിരുന്നതെന്ന് ചോദിച്ചപ്പോള് ‘ഞാനക്കാര്യം പൂര്ണമായി മറന്നു പോയി’ എന്നാണ് ഇപ്പോള് എണ്പത് വയസ്സുള്ള ടോം പറഞ്ഞത്.
അന്നേ മോതിരത്തിന്റെ മൂല്യം തിരിച്ചറിഞ്ഞിരുന്നെങ്കില് ടോമിന്റെ ഇന്നത്തെ ജീവിതം മറ്റൊന്നാകുമായിരുന്നുവെന്നാണ് ഇപ്പോള് ഏവരും പറയുന്നത്.