
പ്രണയത്തിന് ജാതിയും മതവും പ്രായവുമൊന്നും ഒരു മാനദണ്ഡമല്ലെന്നു പറയാറുണ്ട്. ഇതിന് ഉത്തമ ഉദാഹരണമാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോണ്‍സും ഈജിപ്തുകാരനായ മുഹമ്മദ് അഹമ്മദ് ഇബ്രാഹിം തമ്മിലുള്ള പ്രണയം. ഐറിസ് ജോണ്‍സിന് 80 വയസാണുള്ളത്, വിവാഹം ചെയ്യാന്‍ ഒരുങ്ങുന്ന വരന് 35 വയസും. ഈ പ്രായ വ്യത്യാസം തന്നെയാണ് ഇവര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണവും.
ഫേസ്ബുക്കാണ് ഇവരുടെ പ്രണയകഥയിലെ ഹംസം എന്നു പറയാം. ഇരുവരും തമ്മില്‍ പരിചയപ്പെട്ടതും പ്രണയത്തിലായതും ഫെയ്സ്ബുക്ക് വഴിയാണ്. പ്രണയം കടുത്തതോടെ മുഹമ്മദിനെ കാണാനായി ഐറിസ് കെയ്റോയില്‍ എത്തിയിരുന്നു. തുടര്‍ന്ന് അവിടെ ഇരുവരും ഒന്നിച്ച് താമസിച്ചു. ഇതോടെ പിരിയാനാകാത്ത വിധം ഇവര്‍ അടുത്തു. തുടര്‍ന്ന് വിവാഹിതരാകാം എന്ന തീരുമാനത്തില്‍ ഇവര്‍ എത്തുകയായിരുന്നു. വിവാഹത്തിനുള്ള നടപടികള്‍ക്കായി തിരിച്ച് ബ്രിട്ടനില്‍ എത്തിയിരിക്കുകയാണ് ഐറിസ് ഇപ്പോള്‍.
ഇതിനിടയില്‍ ഒരു ടിവി ഷോയില്‍ പങ്കെടുത്തതോടെയാണ് ഇരുവരുടേയും പ്രണയം ചര്‍ച്ചയായത്. ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടാണ് വിവാഹനടപടികള്‍ ചെയ്യുന്നത്. ആദ്യ വിവാഹത്തില്‍ നിന്നും മോചിതയായെന്നും മറ്റു ബാധ്യതകള്‍ ഇല്ലെന്നും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
എന്നാല്‍ ഐറിസിന്റെ പ്രണയത്തെ കുറിച്ചും രണ്ട് അഭിപ്രായമാണ് നിലനില്‍ക്കുന്നത്. പ്രണയത്തിന് പ്രായം ഒരു തടസ്സമില്ലെന്നും അവര്‍ ഇഷ്ടമുള്ളതു പോലെ ജീവിക്കട്ടേ എന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ പണത്തിനു വേണ്ടിയാണ് ഈ വിവാഹമെന്നാണ് എതിര്‍ വിഭാഗം പറയുന്നത്.
എന്നാല്‍ രണ്ടാമത്തെ വിഭാഗത്തിന്റെ ആരോപണം ഐറിഷ് തള്ളിക്കളഞ്ഞു. ”അദ്ദേഹം എന്നോട് ഒരിക്കലും പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ കയ്യില്‍ ഒരുപാട് പണവുമില്ല. മക്കള്‍ക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തു കഴിഞ്ഞു. അവര്‍ക്കു വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. ഇനി എനിക്ക് കുറച്ച് സ്വാര്‍ത്ഥയാകണം. എന്റെ സന്തോഷം കണ്ടെത്തണം. കുറേ പണം ഉണ്ടായാല്‍ സന്തോഷം കിട്ടില്ല” ഐറിസ് പറഞ്ഞു. എന്തായാലും ഇരുവരും ഇതിനോടകം തന്നെ ലോകശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.