മധ്യപ്രദേശിലെ 80കാരി അമ്മൂമ്മ ഇറ്റലിയില്‍ വന്‍ഹിറ്റ് ! അമ്മൂമ്മയുടെ വൈദഗ്ധ്യം ഇറ്റലിക്കാരെ ഞെട്ടിച്ചത് ഇങ്ങനെ…

മധ്യപ്രദേശിലെ ഒരമ്മൂമ്മയാണ് ഇപ്പോള്‍ ഇറ്റലിക്കാര്‍ക്കിടയില്‍ താരമായിരിക്കുന്നത്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍നിന്നുള്ള 80കാരി ജോധയ്യ ബായ് ബയ്ഗയാണ് സ്വന്തം പെയിന്റിംഗുകളിലൂടെ ഇറ്റലിക്കാരെ ഞെട്ടിച്ചിരിക്കുന്നത്. മിലാനിലാണ് അമ്മൂമ്മയുടെ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്. ലോര്‍ഹ എന്ന ഗ്രാമത്തിലാണ് ജോധയ്യ താമസിക്കുന്നത്.

40 വര്‍ഷം മുമ്പാണ് ജോധയ്യ ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നത്. അതിനു കാരണമായത് ഒരു വേര്‍പാട്. ജീവിത പങ്കാളിയെ നഷ്ടപ്പെട്ടതോടെ അവര്‍ ചിത്രംവര തുടങ്ങി. അതാകട്ടെ ഇപ്പോഴവരെ രാജ്യാന്തര പ്രശസ്തിയിലേക്കും ഉയര്‍ത്തിയിരിക്കുന്നു. ‘മൃഗങ്ങള്‍ ഉള്‍പ്പെടെ ചുറ്റും കാണുന്നതെല്ലാം ഞാന്‍ വരയ്ക്കും. ചിത്രരചനയ്ക്കുവണ്ടി ഞാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിക്കുയും ചെയ്തിട്ടുണ്ട്. കുറേക്കാലമായി ചിത്രംവരയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്യുന്നുമില്ല. ജീവിക്കാന്‍ വേണ്ടിയും കുടുംബം നോക്കാനും എന്തെങ്കിലും ചെയ്യണ്ടേ. ഞാന്‍ കണ്ടുപിടിച്ച ജോലിയിതാണ്’ ജോധയ്യ പറയുന്നതിങ്ങനെ.

മിലാന്‍ വരെ തന്റെ ചിത്രങ്ങള്‍ എത്തിപ്പെട്ടതില്‍ ജോധയ്യ അതീവ സന്തുഷ്ടയാണ്. ജോധയ്യയെ ചിത്രം വര പഠിപ്പിച്ച ഗുരു ആഷിഷ് സാമിയുടെ അഭിപ്രായത്തില്‍ ജോധയ്യ ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്നതേയുള്ളൂ. ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട സ്ത്രീയാണ് ജോധയ്യ. അവര്‍ പ്രശസ്തയായതോടെ ആ വിഭാഗത്തില്‍നിന്നുള്ളവര്‍ക്കും ആത്മവശ്വാസം വര്‍ധിക്കുകയാണ്.

Related posts