നവജാത ശിശുക്കളുടേതുള്പ്പെടെ 800 കുട്ടികളുടെ മൃതദേഹം കൂട്ടത്തോടെ സംസ്കരിച്ച ഭൂഗര്‍ഭ ശ്മശാനം അനാഥാലയത്തിനുള്ളില്‍ കണ്ടെത്തി. 20 ചേംബറുകള്‍ ഉള്ള ഭൂഗര്‍ഭ ശ്മശാനം അയര്‍ലന്റിലെ തുവാം നഗരത്തിലെ ഒരു അനാഥാലയത്തിനുള്ളിലാണ് കണ്ടെത്തിയത്. ഒരു മതസംഘടനയുടെ ഉടമസ്ഥതയിലുള്ള ഈ അനാഥാലയം വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.നവജാതശിശു മുതല്‍ മൂന്നു വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ഇവിടെ അടക്കം ചെയ്തിരിക്കുന്നത് എന്നു ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി. 1950ലായിരുന്നു കുട്ടികളെ കൂട്ടമായി അടക്കം ചെയ്തത്.
1961 ല്‍ സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ സ്ഥാപനത്തില്‍ വിവാഹിതരാകാത്ത സ്ത്രീകളുടെ പ്രസവ ശുശ്രൂഷകള്‍ നടത്തിരുന്നു. എന്നാല്‍ കുട്ടികളെ പ്രസവിച്ചശേഷം യുവതികള്‍ കടന്നു കളയുക പതിവായിരുന്നു. ഇത്തരം കുട്ടികളെ ഏറ്റെടുക്കാനായും ആരും വന്നിരുന്നില്ലയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടികള്‍ എങ്ങനെ മരിച്ചു എന്നത് ഇന്നും ദുരൂഹതയായി അവശേഷിക്കുകയാണ്. ഇപ്പോള്‍ ഈ ശ്മശാനം കണ്ടെത്തിയതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്.