കേരള ബാങ്ക് നിലവില്‍ വരും മുമ്പ് തന്നെ ചരടുവലികളുമായി സിപിഎമ്മും സഹകരണ വകുപ്പും. സംസ്ഥാന സഹകരണ ബാങ്കില്‍ സ്വന്തക്കാരായ ഉദ്യോഗസ്ഥര്‍ക്കു വഴിവിട്ടു വന്‍തുക ശമ്പളം അനുവദിച്ചിരിക്കുകയാണ് സഹകരണ വകുപ്പ്. ജില്ലാ ബാങ്കില്‍ നിന്നും മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കിലെ ഉന്നത തസ്തികയിലെത്തിയ ഉദ്യോഗസ്ഥര്‍ക്കാണു ശമ്പളത്തില്‍ വന്‍ വര്‍ധന.
ഒറ്റ ഉദ്യോഗസ്ഥനു മാത്രം 80000 രൂപ വരെ ശമ്പളം കൂട്ടി നല്കി. അനധികൃതമായി ശമ്പളം വര്‍ധിപ്പിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെയാണു കേരള ബാങ്കിന്റെ തലപ്പത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ജില്ലാ സഹകരണ ബാങ്ക്, മറ്റു സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു പിഎസ്സി വഴിയാണു സംസ്ഥാന സഹകരണ ബാങ്കിലേക്കു നിയമനം നടത്തിയത്. നിയമന വേളയില്‍ ഓരോ തസ്തികയിലേക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വ്യക്തമായി പറഞ്ഞിരുന്നു.
സ്ഥാപനം മാറി എത്തുന്ന ജീവനക്കാര്‍ക്കു മുന്‍ സ്ഥാപനത്തില്‍ ലഭിച്ചു കൊണ്ടിരുന്ന ശമ്പളമോ സര്‍വീസോ നല്‍കാതെ പുതിയ സ്ഥാപനത്തിലെ ശമ്പള സ്കെയില്‍ നല്‍കണമെന്നാണു നിയമം. എന്നാല്‍ ഇതെല്ലാം മറികടന്നു പഴയ സര്‍വീസ് കൂടി വകയിരുത്തി സഹകരണ വകുപ്പ് വന്‍തുക ശമ്പളമായി കൂട്ടി നല്‍കുകയായിരുന്നു. കേരള ബാങ്ക് പ്രഖ്യാപിച്ചതു മുതല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇത്തരത്തില്‍ പല തവണ ബാങ്ക് ഭരണസമിതി സ്വന്തക്കാര്‍ക്കു തുക കൂട്ടി നല്കി.
അതേസമയം മറ്റു ചിലര്‍ക്കു നിഷേധിക്കുകയും ചെയ്തു. ഇതോടെ പുതുതായി എത്തിയവര്‍ക്കു സംസ്ഥാന സഹകരണബാങ്കില്‍ ഇതേ തസ്തികയില്‍ നേരത്തെ ജോലി ചെയ്തിരുന്നവരേക്കാള് ഇരട്ടി ശമ്പളമായി. എല്ലാവര്ക്കും സമാനമായ ശമ്പളം നല്‍കണമെന്ന ആവശ്യവുമായി മറുവിഭാഗം ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ശമ്പളം കൂട്ടി നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. ഒരു വിഭാഗം ജീവനക്കാര്‍ സഹകരണ വകുപ്പിനും ബാങ്ക് ഭരണസമിതിക്കും പരാതി നല്‍കിയിട്ടുണ്ട്.