മെഹ്സന: ഗുജറാത്തിൽ പോലീസ് സ്റ്റേഷനുള്ളിൽ നൃത്തം ചെയ്ത യുവ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു സസ്പെൻഷൻ. ലോക് രക്ഷക് ദൾ (എൽആർഡി) റിക്രൂട്ട്മെന്റായ അർപ്പിത ചൗധരിയാണ് സസ്പെൻഷനിലായത്. മെഹ്സന ജില്ലയിലെ ലംഗനാജ് പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം.
ലോക്കപ്പിനു മുന്നിലായിരുന്നു അർപ്പിതയുടെ ഡാൻസ്. ജോലി സമയത്ത് യൂണിഫോമിലല്ലായിരുന്ന അർപ്പിത ലോക്കപ്പിനു മുന്നിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അവർ തന്നെ ചിത്രീകരിക്കുകയും ടിക് ടോക്കിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.
എന്നാൽ വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. ഇതോടെ സസ്പെൻഷനും അർപ്പിതയെ തേടിയെത്തി. ജോലി സമയത്ത് യൂണിഫോം ധരിക്കാത്തതിനും അച്ചടക്കം പാലിക്കാത്തതിനുമാണ് അർപ്പിതയെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 20നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. എൽആർഡിയിൽനിന്നും കഴിഞ്ഞ വർഷമാണ് മെഹ്സനയിലേക്ക് സ്ഥലംമാറ്റം ലഭിച്ച് അർപ്പിതയെത്തിയത്.