പ്രായപൂര്ത്തിയാവാത്ത പെണ്കുട്ടിയെ ഏഴുവര്ഷത്തിലേറെക്കാലം പീഡിപ്പിച്ച കേസില് കുടുംബസുഹൃത്തായ 81കാരന് പിടിയില്.
ഉത്തര്പ്രദേശിലാണ് സംഭവം. കലാകാരനും ടീച്ചറുമായ മൗറിസ് റൈഡറാണ് പിടിയിലായത്. 17കാരിയെ വര്ഷങ്ങളോളം ‘ഡിജിറ്റല് റേപ്പിന്’ വിധേയയാക്കിയതിനാണ് അറസ്റ്റ്.
കൈവിരലുകള്, കാല്വിരലുകള് എന്നിവ ഉപയോഗിച്ചുള്ള നിര്ബന്ധിത ലൈംഗിക പീഡനത്തിനെയാണ് ഡിജിറ്റല് റേപ്പ് എന്ന് പറയുന്നത്.
നോയിഡയില് ഞായറാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം ഉള്പ്പെടെ വിവിധ വകുപ്പുകള് അനുസരിച്ചാണ് 81കാരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ 20 വര്ഷമായി 17കാരിയുടെ രക്ഷകര്ത്താവിന്റെ സുഹൃത്താണ് പ്രതി. രക്ഷകര്ത്താവ് നല്കിയ പരാതിയിലാണ് 81കാരനെ പിടികൂടിയത്.
2012ലെ നിര്ഭയ സംഭവത്തിന് പിന്നാലെയാണ് ഡിജിറ്റല് റേപ്പും ലൈംഗികാതിക്രമത്തിന്റെ പരിധിയില് ഉള്പ്പെടുത്തിയത്.