ഒറ്റയ്ക്കു കഴിയുന്ന വൃദ്ധരുടെ വീട് നോക്കി മോഷണം നടത്തുന്ന നിരവധി ക്രിമിനലുകളുണ്ട്. അത്തരത്തില്‍ ഒരു വീട്ടില്‍ വൃദ്ധ തനിച്ചാണെന്നു കരുതി ആക്രമിക്കാന്‍ വന്ന യുവാവിന് കിട്ടിയതാവട്ടെ എട്ടിന്റെ പണിയും. ആക്രമിക്കാന്‍ വന്ന യുവാവിനെ ചൂലും ഷാമ്പുവും ഉപയോഗിച്ചാണ് 82കാരി കീഴ്പ്പെടുത്തിയത്.
ന്യൂയോര്‍ക്കിലെ പ്രശസ്ത ബോഡി ബില്‍ഡറായ വില്ലി മര്‍ഫിയാണ് ചൂലും ഷാപുവും കൊണ്ട് അക്രമിയെ അടിച്ചൊതുക്കിയത്. പതിവുപോലെ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കുകയായിരുന്നു വില്ലി. അപ്രതീക്ഷിതമായി വാതിലില്‍ ഒരു തട്ടു കേട്ടു. വാതിലിന് പുറത്ത് നിന്ന യുവാവ് തനിക്ക് സുഖമില്ലെന്നും ആംബുലന്‍സ് വിളിക്കാനും ആവശ്യപ്പെട്ടു. വില്ലി ഫോണെടുക്കാന്‍ തിരിഞ്ഞതും യുവാവ് വാതില്‍ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറുകയായിരുന്നു.
ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ അടുത്തുണ്ടായിരുന്ന ചെറിയ മേശ എടുത്ത് ബോഡി ബില്‍ഡര്‍ കൂടിയായ വില്ലി അടിച്ചു. ഇയാള്‍ നിലതെറ്റി വീണതോടെ മുഖത്തേക്ക് ഷാംപു ഒഴിക്കുകയായിരുന്നു. പിന്നെ ചൂലെടുത്ത് അടിയോടടി. ഇതിനിടയില്‍ പൊലീസിലും വില്ലി വിവരമറിയിച്ചു. ഇതോടെ പൊലീസെത്തി കയ്യോടെ അക്രമിയെ പൊക്കി. അത്യാവശ്യ അടിതടകളൊക്കെ പടിച്ചാല് വയസ്സാംകാലത്തും പ്രയോജനപ്പെടുത്താമെന്നാണ് വില്ലി പറയുന്നത്.
പ്രായമായതും ഒറ്റയ്ക്കായതുെമല്ലാം ശരിയാണ് പക്ഷേ താന്‍ ഡബിള്‍ സ്ട്രോങാണെന്നും വില്ലി കൂട്ടിച്ചേര്‍ത്തു. ഇപ്പോഴും സജീവമായി വില്ലി ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാറുണ്ടെന്നാണ് ട്വിറ്ററില്‍ വാര്‍ത്ത പങ്കുവച്ച ആന്‍ഡ്രൂ ബനാസ് പറയുന്നത്. എന്തായാലും അമ്മൂമ്മ കലക്കിയെന്നാണ് വാര്‍ത്ത വായിച്ചവരെല്ലാം പറയുന്നത്.