മുംബൈ: ജാതിപീഡനത്തെ തുടർന്ന് വനിതാ ഡോക്ടർ പായൽ തദ്വി(26) ജീവനൊടുക്കിയ കേസിൽ രണ്ടു സീനിയർ ഡോക്ടർമാർ കൂടി അറസ്റ്റിൽ. ഡോ.ഹേമ അഹുജ, അങ്കിത ഖാൻഡേവാൾ എന്നിവരാണ് അറസ്റ്റിലായത്. പായലിനൊപ്പം താമസിച്ചിരുന്ന ബിവൈഎൽ നായർ ആശുപത്രിയിലെ ഡോ. ഭക്തി മൊഹാറെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മേയ് 22 മുതൽ ഇവർ ഒളിവിലായിരുന്നു. ബിവൈഎൽ നായർ ആശുപത്രിയിലെ ഗൈനക്കോളതി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ ഡോക്ടർ പായൽ തദ്വിയാണ് ജീവനൊടുക്കിയത്. മേയ് 22-ന് ഹോസ്റ്റൽ മുറിയിലാണ് പായൽ തദ്വിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ചൊവാഴ്ച്ച മകളുടെ ആത്മഹത്യക്ക് കാരണക്കാരയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് പായലിന്റെ കുടുംബം മുംബൈയിലെ ബിവൈഎൽ നായർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. പായലിന്റെ അമ്മ അബേദ, പിതാവ് സൽമാൻ എന്നിവരാണ് ആശുപത്രിക്ക് മുന്നിൽ സമരവുമായി എത്തിയത്.
സമരത്തിൽ പായലിന്റെ ഭർത്താവ് ഡോ. സൽമാൻ താദ്വിയും പങ്കെടുത്തു. പായലിന്റെ ആത്മഹത്യ കൊലപാതകമാണ്. ജാതീയമായി അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്ത മൂന്ന് വനിതാ ഡോക്ടർമാരാണ് പായലിന്റെ മരണത്തിന് കാരണമെന്നും ഡോ. സൽമാൻ പറഞ്ഞു. സീനിയേഴ്സ് മകളെ ജാതീയമായി അധിക്ഷേപിക്കുന്നുണ്ടെന്ന് കാണിച്ച് നിരവധി തവണ പായലിന്റെ മാതാപിതാക്കൾ ആശുപത്രി അധികാരികളെ സമീപിച്ചിരുവെന്നും ഡോ. സൽമാൻ കൂട്ടിച്ചേർത്തു.