ഒരു കാര്ഡ്ബോര്ഡ് വീട് തെരുവുകളില് കൂടി തേരാപാരാ നടക്കുന്നു, ബേക്കറികളിലും പലചരക്കുകടയിലുമെല്ലാം ഈ കാര്ഡ്ബോര്ഡ് വീട് കയറിയിറങ്ങുന്നു.
കോവിഡ് വ്യാപനത്തെത്തുടര്ന്ന് ക്യൂബയിലാണ് ഈ കാഴ്ച. 82കാരിയായ ഫെറിഡ റോജാസ് എന്ന വൃദ്ധയാണ് വൈറസില് നിന്ന് രക്ഷനേടാന് സ്വയം കവചം തീര്ത്തിരിക്കുന്നത്.
ശരീരം മുഴുവന് മറയ്ക്കുന്ന കാര്ഡ്ബോര്ഡ് ബോക്സ് ധരിച്ചാണ് ഫെറിഡ പുറത്തിറങ്ങുന്നത്. സുരക്ഷാ സംവിധാനങ്ങളോ ഉപകരണങ്ങളോ രാജ്യത്ത് ലഭ്യമാകാത്തതിനെ തുടര്ന്നാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയത്. വിവാഹമോചിതയായ ഫെറിഡയുടെ മക്കള് അമേരിക്കയിലാണ് താമസിക്കുന്നത്.
മറ്റാരും സഹായമില്ലാത്തതിനാല് സുരക്ഷ ഉറപ്പുവരുത്തി സ്വയം കാര്യങ്ങള് മുന്നോട്ടുകൊണ്ടുപോകാന് താന് വഴി കണ്ടെത്തുകയായിരുന്നെന്ന് ഫെറിഡ പറയുന്നു.
നടന്നുപോകുമ്പോള് അടുത്തുള്ള ആരെങ്കിലും ചുമയ്ക്കുകയാണെങ്കില് ഭയം തോന്നിയിരുന്നെന്നും അങ്ങനെയാണ് ഇത്തരത്തിലൊരു ആശയത്തിലേക്കെത്തിയതെന്നും അവര് പറഞ്ഞു.
ഫാര്മസിയില് നിന്ന് കാര്ഡ് ബോര്ഡ് ബോക്സ് സംഘടിപ്പിച്ച് കണ്ണും കൈയും അടക്കമുള്ള ഭാഗങ്ങള് തുളച്ചാണ് ഫെറിഡ ഇത് രൂപകല്പന ചെയ്തത്. ഏറ്റവും മുകളിലായി ഒരു വീടിന്റെ ആകൃതിയില് ഇത് ഒട്ടിച്ചെടുത്തിട്ടുണ്ട്.
‘ഞാന് വീട്ടിലാണ്, നിങ്ങളോ?’ എന്ന് ബോക്സില് എഴുതിയിരിക്കുന്നതും കാണാം. വീട്ടിലിരിക്കൂ എന്ന ക്യൂബയുടെ കൊറോണ വൈറസ് സ്ലോഗനെ പരിഹസിക്കുന്നതാണ് ഫെറിഡ എഴുതിയിരിക്കുന്ന ഈ വാചകം. എന്തായാലും അമ്മൂമ്മയും കാര്ഡ്ബോര്ഡ് വീടും ഇതിനോടകം വൈറലായിക്കഴിഞ്ഞു.