സന: യെമനിൽ റമദാൻ സഹായവിതരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും എൺപതിലേറെ ആളുകൾ മരിച്ചു. അഞ്ഞൂറിലേറെപ്പേർക്കു പരിക്കേറ്റു.
യുദ്ധബാധിതമായ യെമനിൽ ഈദുൽ ഫിത്തറിനു മുന്നോടിയായുള്ള സൗജന്യവിതരണം നടക്കുന്പോൾ ആളുകൾ ഇരച്ചെത്തിയതാണു ദുരന്തത്തിനു കാരണം. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
മരിച്ചവരെയും പരിക്കേറ്റവരെയും അടുത്തുള്ള ആശുപത്രികളിലേക്കു മാറ്റി.രാജ്യത്തു പ്രവർത്തിക്കുന്ന ചാരിറ്റി സംഘടനയുടെ നേതൃത്വത്തിലായിരുന്നു സൗജന്യവിതരണം നടന്നത്. പണം ഉൾപ്പെടെയുള്ള റമദാൻ കിറ്റ് ആണു വിതരണത്തിന് ഒരുക്കിയിരുന്നത്.
ഒരു സ്കൂളിലായിരുന്നു പരിപാടി. ആയിരണക്കിന് ആളുകൾ ഇരച്ചെത്തിയപ്പോൾ ഹൂതി സൈന്യം ആകാശത്തേക്കു വെടിച്ചതാണു ദുരന്തത്തിനു വഴിവച്ചതെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിവച്ചതു വൈദ്യുതി ലൈനിൽ തട്ടി പൊട്ടിത്തെറിച്ചപ്പോളുണ്ടായ ഭയാനകമായ ശബ്ദം കേട്ടു പരിഭ്രാന്തരായി ജനം ചിതറിയോടുകയായിരുന്നു.