കൊൽക്കത്ത: പൗരത്വ പട്ടിക സംബന്ധിച്ച് പശ്ചിമബംഗാളിൽ വിവാദപ്രസ്താവന നടത്തിയ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി. ആളുകളെ തമ്മിലടിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ബംഗാളിൽ വിലപ്പോവില്ലെന്നും ബംഗാൾ വ്യത്യസ്ത മത വിശ്വാസികൾ ഒരുപോലെ കഴിയുന്ന സ്ഥലമാണെന്നും മമത വ്യക്തമാക്കി.
‘ബംഗാളിലേക്ക് വരുന്ന എല്ലാവർക്കും സ്വാഗതം. പക്ഷേ ആളുകളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കാതിരിക്കുക. അത് ബംഗാളിൽ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുക. ജനങ്ങൾക്കിടയിൽ പിളർപ്പ് ഉണ്ടാക്കാതിരിക്കുക.
എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതിൽ പേരുകേട്ടതാണ് ബംഗാൾ. ഇതൊരിക്കലും നശിപ്പിക്കാനാവില്ല’-മമത പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളിൽ വിശ്വസിക്കുന്നവർ സംസ്ഥാനത്തിലെ വലിയ ആഘോഷമായ ദുർഗാപൂജയിൽ ഒത്തു ചേരുന്നുണ്ടെന്നും മമത ഓർമിപ്പിച്ചു. തെക്കൻ കൊൽക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത.
ഇന്ത്യയിൽ അതിഥികളായെത്തിയ മുസ്ലിം ഇതര വിഭാഗങ്ങൾക്കായുള്ള പൗരത്വ നിയമഭേദഗതി ഉടൻ കൊണ്ടുവരുമെന്നും ഹിന്ദുവായ ഒരു അഭയാർഥിയും പുറത്തുപോകേണ്ടിവരില്ലെന്നും നുഴഞ്ഞുകയറ്റക്കാരായ ഒരാൾക്കു പോലും ഇവിടെ തുടരാനാകില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കിംവദന്തികളാണ് മമത ബാനർജി പറയുന്നത്. പൗരത്വ പട്ടികയിലൂടെ ഹിന്ദു അഭയാർഥികളെ പശ്ചിമ ബംഗാളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് മമത ജനങ്ങളെ ഭയപ്പെടുത്തുകയാണ്. എന്നാൽ, അഭയാർഥികളായ ഹിന്ദു സഹോദരങ്ങൾക്ക് രാജ്യത്തുനിന്ന് പുറത്തുപോകേണ്ടി വരില്ല.
കേന്ദ്ര സർക്കാർ അവരെയൊന്നും രാജ്യത്തുനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കില്ല. പ്രതിപക്ഷത്തായിരുന്നപ്പോൾ നുഴഞ്ഞുകയറ്റക്കാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കണമെന്ന നിലപാടായിരുന്നു മമതയ്ക്ക്. ഇപ്പോൾ ആ നുഴഞ്ഞുകയറ്റക്കാരെല്ലാം മമതയ്ക്ക് വോട്ട് ബാങ്കായി. ദേശീയ താൽപര്യങ്ങൾക്കു മുകളിൽ നിൽക്കുന്നതാകരുത് രാഷ്ട്രീയ താൽപര്യങ്ങൾ’- അമിത് ഷാ പറഞ്ഞു.