മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ നടപടി തുടങ്ങിയിട്ടും. നഷ്ടപരിഹാരം ആവശ്യപ്പെടാതെ മുങ്ങി നടക്കുന്നത് 86 ഫ്ളാറ്റുടമകള്‍.രാഷ്ട്രീയക്കാരുടെ ബിനാമികളും കള്ളപ്പണത്തിന് ഫ്ളാറ്റ് വാങ്ങിയവരുമാണ് നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാത്തവരെന്നാണ് സൂചന. അതേസമയം അപേക്ഷ നല്കിയവരില് നിന്നും തിരഞ്ഞെടുത്തവര്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
38 ഫ്ളാറ്റുടമകള്‍ക്കായി 6,98,72,287 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 107 ഫ്ളാറ്റുടമകളുടെ അപേക്ഷകള്‍ ജസ്റ്റിസ് പി.ബാലകൃഷ്ണന് സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പരിസ്ഥിതി വകുപ്പ് കൃത്യമായ ബാങ്ക് അക്കൗണ്ട്, നഷ്ടപരിഹാര വിവരങ്ങള്‍ എന്നിവ പരിശോധിച്ചശേഷം പട്ടിക തയാറാക്കിയ 38 പേര്‍ക്കാണ് ആദ്യം തുക നല്‍കുക. ഫിനാന്‍സ് വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കാണ് ഉടമകളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാനുള്ള ചുമതല. 107 പേര്‍ക്കായി 19,09,31,943 രൂപയാണ് സമിതി നിര്‍ദേശിച്ചത്.
ഇതിനിടെ, ചൊവ്വാഴ്ച എറണാകുളത്ത് ചേര്‍ന്ന നാലാമത് സമിതി സിറ്റിങ്ങില്‍ 34 പേര്‍ക്കുകൂടി നഷ്ടപരിഹാരത്തിന് നിര്‍ദ്ദേശം നല്കി. ഇവര്‍ക്കായി 61,58,45,45 രൂപ നല്‍കാനാണ് നിര്‍ദ്ദേശം. ഇതോടെ നഷ്ടപരിഹാരത്തിന് സമിതി ശിപാര്‍ശ ചെയ്ത ഫ്ളാറ്റുടമകളുടെ എണ്ണം 141 ആയി. ഇതില്‍ 38 പേര്‍ക്കാണ് പണം അനുവദിക്കപ്പെട്ടത്. ചൊവ്വാഴ്ചവരെ ആകെ ശിപാര്‍ശ ചെയ്ത തുക 25,25,16,488 രൂപയാണ്. ആകെയുള്ള 325 ഫ്ളാറ്റുടമകളില്‍ 239 പേരാണ് നഷ്ടപരിഹാരം തേടി കെ. ബാലകൃഷ്ണന് നായര്‍ അധ്യക്ഷനായ സമിതിയെ സമീപിച്ചിരിക്കുന്നത്.
ചില കേസുകളില്‍ ഫ്ളാറ്റുകളുടെ സ്ഥലത്തിന്റെ ഓഹരിയുടെ ആധാരം മാത്രമേയുള്ളൂ. ഫ്ളാറ്റുടമയും നിര്‍മ്മാതാവും തമ്മിലുള്ള കരാര്‍ പ്രകാരമാണ് കെട്ടിടം പണിതിരിക്കുന്നത്. ഇത്തരം കേസുകളില്‍ ഫ്ളാറ്റുടമ നല്കിയ യഥാര്‍ഥ തുക അറിയണമെങ്കില്‍ രേഖകളുടെ അസ്സല് ഹാജരാക്കേണ്ടതുണ്ട്. എത്ര തുക വാങ്ങിയെന്ന രേഖ നിര്‍മ്മാതാവും നല്‍കണം. വിവിധ ഫ്ളാറ്റുടമകളില്‍നിന്ന് വാങ്ങിയ തുക സംബന്ധിച്ച് ജെയിന് ഹൗസിങ് രേഖ സമര്‍പ്പിച്ചിട്ടുണ്ട്. ചില കേസുകളില്‍ ഈ രേഖയില്‍ പറയുന്ന തുകയും ഫ്ളാറ്റുടമകള്‍ നല്‍കിയെന്ന് പറയുന്ന തുകയും ഒന്നുതന്നെയാണെന്നും കമ്മിറ്റി വിലയിരുത്തി.
മറ്റുള്ളവരുടെ കാര്യത്തില്‍ രേഖകളുടെ വിശദ പരിശോധന വേണ്ടിവരും. എന്നാല്‍ മറ്റ് ബില്‍ഡര്‍മാര്‍ ന്യായമല്ലാത്ത വാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു ഫ്ളാറ്റുടമയില്നിന്ന് എത്ര രൂപ വാങ്ങിയെന്ന കാര്യം ബില്‍ഡറുടെ പക്കലുണ്ടാകും. അവരത് സമര്‍പ്പിക്കുന്നില്ലെങ്കില്‍ ഫ്ളാറ്റുടമ കൊടുത്തെന്നു പറയുന്ന തുക ശരിയാണെന്ന് കണക്കാക്കി മുന്നോട്ടുപോകുമെന്ന് സമിതി വ്യക്തമാക്കി. എന്തായാലും കള്ളപ്പണക്കാരും ബിനാമികളും ഫ്ളാറ്റിനായി രംഗത്ത് വരാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വിവരം.