ജക്കാർത്ത: ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകളിൽ മരിച്ചവരുടെ എണ്ണം 281 ആയി. ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മരണസംഖ്യ ഉയരുമെന്നാണു സൂചനകൾ. പണ്ടിംഗ്ലാംഗ് ജില്ലയിലെ തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിക്കുന്നതുവരെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്ന് ഇന്തോനേഷ്യൻ ദേശീയ ദുരന്തനിവാരണ ഏജൻസി മേധാവി അറിയിച്ചു.
അനാക് ക്രാക്കത്തുവ അഗ്നിപർവത സ്ഫോടനത്തിൽ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമെന്നു കരുതുന്നു. ജാവ, സുമാത്ര ദ്വീപുകൾക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്. 558 വീടുകൾ, ഒന്പതു ഹോട്ടലുകൾ, 60 റസ്റ്ററന്റുകൾ, 350 ബോട്ടുകൾ എന്നിവ തകർന്നു.
അനക് ക്രാക്കത്തവ അഗ്നിപർവതത്തിൽ സ്ഫോടനം ഉണ്ടായതിനേത്തുടർന്നാണ് വീണ്ടും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണരിക്കുന്നത്.പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30 ന് ദക്ഷിണ സുമാത്രയിലും പടിഞ്ഞാറൻ ജാവയിലും ആഞ്ഞടിച്ച രാക്ഷസത്തിരയിൽ നൂറുകണക്കിനു കെട്ടിടങ്ങൾ നിലംപതിച്ചു.
അനാക് ക്രാക്കത്തുവ അഗ്നിപർവതം പൊട്ടിത്തെറിച്ചതാണ് ദുരന്തകാരണമെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി വക്താവ് സുതുപോ നുഗ്രോഗോ പറഞ്ഞു. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സാധാരണ സുനാമി ഉണ്ടാകാറില്ല. ജലത്തിന്റെ സ്ഥാനഭ്രംശമോ മണ്ണിടിച്ചിലോ ആണ് സുനാമിക്കു കാരണമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
സെവന്റീൻ പോപ്പ് സംഘത്തിന്റെ സംഗീതപരിപാടിയിലേക്കു തിര അടിച്ചുകയറുന്നതിന്റെയും ഗായകരും കാണികളും ഒലിച്ചുപോകുന്നതിന്റെയും ഭീകരദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാൻഡിന്റെ ഗിത്താറിസ്റ്റും റോഡ് മാനേജരും മരിച്ചതായും മാനേജരുടെ ഭാര്യയെ കാണാതായതായും ബാൻഡ് സംഘാംഗം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
വടക്കൻ ജാവയിലെ കരീറ്റ ബീച്ച് സുനാമിയിൽ പൂർണമായി തകർന്നു. ചുഴലിക്കാറ്റിൽ സുലേവസി, പാലു നഗരത്തിലുണ്ടായ ദുരന്തം വിട്ടുമാറും മുന്പാണ് ഇന്തോനേഷ്യയെ ദുഃഖത്തിലാക്കി അടുത്ത ദുരന്തമെത്തിയത്. 2004 ഡിസംബർ 26ന് ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ നൂറുകണക്കിനാളുകളാണു മരിച്ചത്.