വുഹാനില്‍ കോവിഡ് മുക്തരായവരില്‍ 90 ശതമാനം പേര്‍ക്കും ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി ഗവേഷകസംഘം. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏപ്രിലില്‍ രോഗം ഭേദമായ നൂറുപേരില്‍ നടത്തിയ പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായപ്പോഴാണ് ഈ കണ്ടെത്തല്‍.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വെല്ലുവിളികളാണ് കൂടൂതലും. സാധാരണ ഒരാള്‍ക്ക് ആറ് മിനിറ്റില്‍ 500 മീറ്റര്‍ ദൂരം നടന്നെത്താന്‍ സാധിക്കുമ്പോള്‍ കോവിഡ് മുക്തരായവര്‍ക്ക് 400 മീറ്റര്‍ പോലും ഈ സമയത്തിനുള്ളില്‍ നടന്നെത്താന്‍ കഴിയുന്നില്ലെന്ന് കണ്ടെത്തി. രോഗമുക്തി നേടിയ ചിലര്‍ക്ക് മൂന്ന് മാസം പിന്നിട്ടിട്ടും ഓക്സിജന്‍ സഹായം വേണ്ടിവന്നുവെന്നും ഗവേഷര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരേ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തി. ശരാശരി 59വയസ്സ് പ്രായമുള്ള ആളുകളിലാണ് പഠനം നടത്തിയത്. ബ്രിട്ടനില്‍ നടത്തിയ ചില സര്‍വേകളിലും കോവിഡ് രോഗമുക്തര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതായി കണ്ടെത്തിയിരുന്നു.