റഷ്യയുടെ ചാന്ദ്രദൗത്യം ലൂണ 25 പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ ദൗത്യത്തിന്റെ ഭാഗമായിരുന്ന ശാസ്ത്രജ്ഞരില്‍ ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദൗത്യത്തിന്റെ പ്രധാന മാര്‍ഗനിര്‍ദേശകരില്‍ ഒരാളും ജ്യോതിശാസ്ത്രജ്ഞനുമായ മിഖൈല്‍ മാറോവ് (90)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദ്രോപരിതലത്തിലേക്കുള്ള സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് ലൂണ-25 തകര്‍ന്നത്. ഇതിന് തൊട്ടുപിന്നാലെ ശനിയാഴ്ചയാണ് മാറോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദൗത്യത്തിന്റെ പരാജയം തന്നെ തകര്‍ത്തു കളഞ്ഞെന്നും അത് തന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചുവെന്നും മാറോവ് മാധ്യമങ്ങളോടു പ്രതികരിച്ചു.
‘ഞാന്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എനിക്ക് എങ്ങനെ ആശങ്കപ്പെടാതിരിക്കാനാകും? ജീവിതത്തിലെ പ്രധാനപ്പെട്ട സംഗതിയാണ്. ഇതെല്ലാം ഏറെ ദുഃഖകരമാണ്’, മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ മാറോവ് മാധ്യമങ്ങളോടു പറഞ്ഞു. റഷ്യയുടെ മുന്‍ ചാന്ദ്രദൗത്യങ്ങളുടെയും ഭാഗമായിരുന്നു അദ്ദേഹം.
ചന്ദ്രനില്‍ ഇറങ്ങാനാകാതെ പോയത് ദുഃഖകരമാണ്. തന്നെ സംബന്ധിച്ചിടത്തോളം ചാന്ദ്രദൗത്യ പദ്ധതിയുടെ പുനരുജ്ജീവനത്തിനുള്ള അവസാന പ്രതീക്ഷയായിരുന്നു ലൂണ 25 എന്നും മാറോവ് കൂട്ടിച്ചേര്‍ത്തു.
ദൗത്യത്തിന്റെ പരാജയകാരണം സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മാറോവ് പറഞ്ഞു.
ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ലൂണ-25, ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചു തകരുകയായിരുന്നു.
ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നിയന്ത്രണം നഷ്ടമായത്.