ബാങ്കോക്ക്: സൗദിയിലേക്ക് തന്നെ തിരിച്ചയച്ചാൽ വധിക്കപ്പെടുമെന്ന് അഭയം തേടി ഓസ്ട്രേലിയയിലേക്കുള്ള യാത്രയ്ക്കിടെ ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ച യുവതി. കുടുംബത്തോടൊപ്പം കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് റഹാഫ് മുഹമ്മദ് എം. അൽക്വുനൽ (18) അവരിൽനിന്ന് രക്ഷപ്പെട്ടത്. ആഗ്രഹിക്കുന്നതുപോലെ പഠിക്കാനും ജോലിചെയ്യാനും സൗദിയിൽ സാധ്യമല്ലാത്തതിനാലാണ് രാജ്യംവിടുന്നത്.
ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിലെത്തിയ തന്നെ സൗദി, കുവൈത്ത് അധികൃതർ തടഞ്ഞുവയ്ക്കുകയും പാസ്പോർട്ട് പിടിച്ചുവച്ചതായും റഹാഫ് പറഞ്ഞു. ഫോട്ടോയും തന്റെ ഇപ്പോഴത്തെ അവസ്ഥയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചതിനാൽ അച്ഛൻ ഏറെ ദേഷ്യത്തിലാണ്. നിലവിലെ സാഹചര്യത്തിൽ തന്നെ സൗദി അറേബ്യയിലേക്കുതന്നെ ബലംപ്രയോഗിച്ചു തിരിച്ചുകൊണ്ടുപോയേക്കുമെന്നും, അത് സംഭവിച്ചാൽ കുടുംബം തന്നെ കൊലപ്പെടുത്താൻ സാധ്യതയുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ യുവതിയുടെ പാസ്പോർട്ട് പിടിച്ചുവച്ചിട്ടില്ലെന്ന് തായ്ലന്ഡിലെ സൗദി എംബസി പറഞ്ഞു. തായ്ലാൻഡുവഴി ഓസ്ട്രേലിയയിലേക്കുപോകാനായിരുന്നു റഹാഫിന്റെ തീരുമാനം. യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ തായ്ലൻഡ് അധികൃതർ തടയുകയായിരുന്നു.