കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്യുന്നതിനു മുന്‍പായി കസ്റ്റംസ് യുഎഇ കോണ്‍സുലേറ്റിൽനിന്നു വിവരങ്ങള്‍ ശേഖരിച്ചു.
നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍, ഈന്തപ്പഴം എന്നിവയിറക്കിയ സംഭവത്തില്‍ തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ജീവനക്കാരെ അടക്കം ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നീക്കം തുടങ്ങിക്കഴിഞ്ഞു.
ഇതിനു ശേഷമായിരിക്കും മന്ത്രി കെ.ടി. ജലീലിനെ ചോദ്യംചെയ്യുക. ഇന്ത്യക്കാരായ ജീവനക്കാരെയാകും ആദ്യം ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കി വിളിപ്പിക്കുക. ഇതിനായുള്ള നടപടിക്രമങ്ങളാണ് നടക്കുന്നത്.
ഈന്തപ്പഴം എന്ന പേരിൽ നയതന്ത്ര ചാനൽ വഴി 17,000 കിലോ പാഴ്സൽ വന്നതായി സ്ഥിരീകരണമുണ്ട്.
ഈന്തപ്പഴം ആര്‍ക്കെല്ലാം വിതരണം ചെയ്തു, എതെല്ലാം സ്ഥാപനങ്ങളിലേക്കു കൊടുത്തു തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ല. ഈന്തപ്പഴം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നടന്ന വേദിയിൽ കുറച്ച് ഈന്തപ്പഴം വിതരണം ചെയ്തതായി പറയുന്നു.
എന്നാൽ, ബാക്കി കിലോക്കണക്കിന് ഈന്തപ്പഴം എവിടേയ്ക്കു പോയി എന്നതിൽ ദുരൂഹതയുണ്ട്. ഇതിനിടെ, ഈന്തപ്പഴം എന്ന പേരിൽ വന്നതു മുഴുവൻ ഈന്തപ്പഴം തന്നെയാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
മതഗ്രന്ഥം നയതന്ത്ര ചാനൽ വഴി കൊണ്ടുവന്നതിൽ ദുരൂഹത നിലനിൽക്കുന്നതുപോലെയാണ് ഈന്തപ്പഴ കടത്തും വിവാദത്തിലായിരിക്കുന്നത്. ഈന്തപ്പഴം എന്ന പേരിൽ വന്നതിൽ സ്വർണം ഉണ്ടോയെന്ന സംശയം ദുരീകരിക്കാനുള്ള അന്വേഷണത്തിനും അന്വഷണ ഏജൻസികൾ നടത്തുന്നുണ്ട്.
സരിത്തും സ്വപ്നയും സ്വർണം കടത്തിയതായി കണ്ടെത്തിയ പാഴ്സലിലും ബിസ്കറ്റ്, ന്യൂഡിൽസ്, ഈന്തപ്പഴം എന്നിവ ഉണ്ടായിരുന്നു. കസ്റ്റംസ് പാഴ്സൽ തടഞ്ഞുവച്ചപ്പോൾ ഈന്തപ്പഴവും ബിസ്കറ്റുമൊക്കെയാണ് പാഴ്സലിൽ എന്നായിരുന്നു പ്രതികളുടെ നിലപാട്.
കൂടുതൽ പരിശോധിച്ചപ്പോഴാണ് ഇവ മറ്റു ചിലതും പാഴ്സലിൽ ഉണ്ടെന്നു വ്യക്തമായത്. തുടർന്ന് തുറന്നുപരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തുകയും ചെയ്തു.
അന്വേഷണവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പ്രതിനിധികളില്‍നിന്നു കൂടി മൊഴിയെടുക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. യുഎഇയില്‍നിന്നു മതഗ്രന്ഥങ്ങളും ഈന്തപ്പഴങ്ങളും സംസ്ഥാനത്തെത്തിച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരിക്കും ഇനി കുരുക്കാകുക.
അതേസമയം, കസ്റ്റംസ് ചോദ്യം ചെയ്യലിനു വിധേയനാകാന്‍ മന്ത്രി ഇതിനകം ഒരുങ്ങികഴിഞ്ഞെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇതുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ വശങ്ങളും മന്ത്രി മനസിലാക്കി കഴിഞ്ഞു. കസ്റ്റംസ് ക്ലിയറന്‍സ് ലഭിച്ച സാധനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തു വിതരണം ചെയ്തതെന്ന നിലപാടിലാണ് അദ്ദേഹം. ഏതു നിമിഷവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്ന തിരിച്ചറിവിൽ തയാറായിരിക്കുകയാണ് മന്ത്രി.