തൃശൂര്: മലയാളം പരീക്ഷ നന്നായി എഴുതി വളരെ എളുപ്പം ആയിരുന്നു – പശ്ചിമബംഗാള് സ്വദേശി സഫിക്കുള് ഇസ്ലാം മണ്ഡല് നല്ല തെളിഞ്ഞ മലയാളത്തില് പറഞ്ഞപ്പോള് കൂടിനിന്നവര് കൈയടിച്ച് അഭിനന്ദിച്ചു.
പശ്ചിമബംഗാളില് നിന്ന് എത്തി കേരളത്തില് നിന്നും മലയാളം പഠിച്ച് 92 പേരാണ് ഇന്നലെ തൃശൂര് കോലഴിയില് സംസ്ഥാന സാക്ഷരത മിഷന്റെ ചങ്ങാതി പദ്ധതി സാക്ഷരത പരീക്ഷ എഴുതിയത്.
സംസ്ഥാന സാക്ഷരതാ മിഷന് തയ്യാറാക്കിയ ഹമാരി മലയാളം എന്ന മലയാളം പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ.
കോലഴിയിലും പരിസരത്തും വിവിധ ജോലികള് ചെയ്യുന്ന 92 പശ്ചിമബംഗാള് സ്വദേശികളായ അതിഥി തൊഴിലാളികളാണ് മലയാളത്തില് തങ്ങളുടെ പാടവം തെളിയിച്ചത്.
കൂട്ടത്തില് 51 കാരനായ സഫിക്കുള് ഇസ്ലാം മണ്ഡല് ആയിരുന്നു സീനിയര്.അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചതിന്റെ പരീക്ഷയായിരുന്നു സംസ്ഥാന സാക്ഷരതാ മിഷന് ഇന്നലെ നടത്തിയത്.
ചങ്ങാതി എന്ന ഈ പദ്ധതിക്ക് വേണ്ടി ജില്ലയില് കോലഴി പഞ്ചായത്തിനെയാണ് തെരഞ്ഞെടുത്തിരുന്നത്. അവര്ക്കായി ക്ലാസുകള് നടത്തുകയും പിന്നീട് പരീക്ഷ സംഘടിപ്പിക്കുകയുമായിരുന്നു.
അതിഥി തൊഴിലാളികളായ ഇവര്ക്ക് ജോലി കഴിഞ്ഞുള്ള സമയത്ത് അവരുടെ താമസ സ്ഥലത്ത് ചെന്നാണ് ഹിന്ദിയും മലയാളവും ബംഗാളി ഭാഷയും എഴുതാനും വായിക്കാനും അറിയാവുന്ന ഇന്സ്ട്രക്ടര്മാരാണ് ഹമാരി മലയാളം പഠിപ്പിച്ചിരുന്നത്. പരീക്ഷ എഴുതിയ 92 പേരില് സ്ത്രീകള് ആരും ഉണ്ടായിരുന്നില്ല.
കേരളത്തിലെത്തി ഇവിടെ ജോലി ചെയ്യുന്നത് കൊണ്ട് ഇവര്ക്ക് മലയാളം എഴുതാനും വായിക്കാനും സാധിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സാക്ഷരതാ മിഷന് ഇവരെ മലയാളം പഠിപ്പിച്ചതെന്ന് ജില്ലാ കോഡിനേറ്റര് സജി തോമസ് പറഞ്ഞു.
ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവരും അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ളവരും പരീക്ഷയെഴുതിയ കൂട്ടത്തില് ഉണ്ടായിരുന്നു.