കോവിഡിനെതിരെയുളള പോരാട്ടത്തില്‍ ഫേസ്മാസ്ക് അത്യാവശ്യ ഘടകമാണ്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റവുമാണ്.
മുഖാവരണം ധരിക്കാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിൽ വ്യത്യസ്ത ഫാഷനുകളിലുളള മാസ്കുകൾ ഇറക്കി മാര്‍ക്കറ്റ് പിടിക്കാനും കമ്പനികള്‍ തമ്മില്‍ മത്സരമാണ്.
തൂവാലയോ തോർത്തോ ഉപയോഗിച്ച് മുഖംമറയ്ക്കുന്നവരുമുണ്ട്. എന്നാൽ വളരെ വ്യത്യസ്തമായ മാസ്കുമായി പുറത്തിറങ്ങിയ ആളുടെ വീഡിയയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ബ്രിട്ടണിലെ മാഞ്ചസ്റ്ററിലാണ് സംഭവം.
പാന്പിനെ ഉപയോഗിച്ച് മുഖംമറച്ചുള്ള യാത്രക്കാരന്റെ ബസ് യാത്രയാണ് വൈറലായിരിക്കുന്നത്. പാമ്പിന്റെ രൂപത്തിലുളള കളിപ്പാട്ടമായിരിക്കുമെന്നാണ് ആദ്യം മറ്റു യാത്രക്കാര്‍ കരുതിയത്.
എന്നാല്‍ ഇത് അനങ്ങാന്‍ തുടങ്ങിയതോടെയാണ് ഇത് യഥാര്‍ത്ഥ പാമ്പാണ് എന്ന് തിരിച്ചറിഞ്ഞത്. കൂറ്റന്‍ പാമ്പിന്റെ ഒരുഭാഗം കഴുത്തില്‍ ചുറ്റി, മറ്റൊരു ഭാഗം വായും മൂക്കും മറക്കുന്ന തരത്തിലും ചുറ്റിയായിരുന്നു യാത്രക്കാരൻ ബസില്‍ കയറിയത്. പിന്നീട് ഇയാള്‍ പാമ്പിനെ ബസില്‍ കമ്പിയില്‍ വച്ചു.
ബ്രിട്ടനില്‍ പൊതുഗതാഗതത്തില്‍ മാസ്ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിനെ കളിയാക്കിയാണ് ഇയാള്‍ മാസ്കിന് പകരം പാമ്പിനെ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്.
അതേസമയം യാത്രക്കാരന്റെ നടപടിക്കെതിരെ അധികൃതര്‍ രംഗത്തെത്തി. ജനശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരുന്നെന്നും മാസ്കിന് പകരം പാമ്പിനെയല്ല ധരിക്കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.
ഇയാള്‍ മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. ഇയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു.