മംഗലംഡാം: കൂടെ പഠിച്ച കൂട്ടുകാരിയുടെ അവസ്ഥയറിഞ്ഞ് സഹപാഠികൾ ഒത്തുചേർന്ന് വീടുനിർമിച്ചു നല്കി. മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 എസ് എസ് എൽസി ബാച്ചുകാരാണ് രാജഗിരി ഇടവകയിൽപ്പെട്ട കുറുവായിൽ താമസിക്കുന്ന സിനി ഫ്രാൻസിസിന് സൗഹൃദ തണൽ എന്ന പേരിൽ വീട് നിർമിച്ചു നല്കി മാതൃകയായത്.
വീടിന്റെ താക്കോൽദാനം സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ആൽഫി തെരേസ് നിർവഹിച്ചു. ആലുവയിൽ സേവനം ചെയ്യുന്ന സിനിക്കൊപ്പം പത്താംക്ലാസിൽ പഠിച്ച മംഗലംഡാം സ്വദേശി ഫാ. ബിജോയ് കൊട്ടെകുടി വീടിന്റെ വെഞ്ചരിപ്പുകർമം നിർവ്വഹിച്ചു.
രാജഗിരി പള്ളിവികാരി ഫാ. ജോസ് കൊച്ചുപറന്പിൽ വീടിനുമുന്നിലെ സൗഹൃദതണൽ എന്ന ഫലകം പ്രകാശനം ചെയ്തു. ഇപ്പോൾ ജർമനിയിലുള്ള മറ്റൊരു സഹപാഠിയായ ഫാ. ബിജു നിരപ്പേൽ ആശംസ അറിയിച്ചു.
കൂട്ടായ്മയിലെ അംഗങ്ങൾക്കു പുറമെ സ്കൂളിൽനിന്നുള്ള അധ്യാപകരും കോണ്‍വന്റിലെ മദറും സിസ്റ്റർ ആൽബിൻ പോൾ, സെലിൻ ടീച്ചർ, ജോബി ജോസഫ്, ഷൈജു തോമസ്, വിൻസെന്റ്, റീജിത്ത്, ജെന്നി തോമസ് എന്നിവർ താക്കോൽദാന ചടങ്ങിൽ പങ്കെടുത്തു.
25 വർഷങ്ങൾക്കുശേഷം 93, 94 ബാച്ചുകാർ ഒരുമിച്ച് കൂടിയപ്പോൾ അവരുടെ കൂട്ടത്തിൽ ഏറ്റവും അവശതയനുഭവിക്കുന്ന കൂട്ടുകാരിയെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് ഫാ.ബിജോയ് കൊട്ടെകുടിയുടെ നേതൃത്വത്തിതിൽ വീടുനിർമിച്ചത്.
വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സഹപാഠികൾ ഒഴിവു ദിവസങ്ങളിൽ വീടിന്റെ പണികൾ ചെയ്തു. എല്ലാവരും ഒത്തുചേർന്നപ്പോൾ സൗഹൃദ തണൽ എന്ന ഭവനനിർമാണം എളുപ്പത്തിലായി.