തൊണ്ണുറ്റിയൊന്പതാമത്തെ വയസിലും ഡാൻസ് കളിക്കുന്ന ഒരു മുത്തശ്ശി. കേൾക്കുന്പോൾ അത്ഭുതം തോന്നുന്നുണ്ടല്ലേ?
നമ്മുടെ നാട്ടിലെ ഭൂരിഭാഗം മുത്തശ്ശിമാരും 99 വയസ് ആയാൽ പിന്നെ നടക്കാൻ പോലും കഷ്ടപ്പെടും. അപ്പോഴാണ് ഡിങ്കി ഫ്ലവർ എന്ന തൊണ്ണുറ്റൊന്പതുകാരി ഡാൻസും കളിച്ച് സന്തോഷത്തോടെ കഴിയുന്നത്.
മൂന്നാമത്തെ വയസിൽ ഡിങ്കി ഡാൻസ് കളിക്കാൻ തുടങ്ങിയതാണ്. ഇപ്പോൾ നാല് പേരക്കുട്ടികളുണ്ട്. ലോകത്തുള്ളവിവിധ രാജ്യങ്ങളിൽ പോയി ഡാൻസ് ചെയ്തിട്ടുണ്ട്.
ഇറാക്കിലെ രാജകുടുംബാംഗങ്ങൾക്കു വേണ്ടി ബാഗ്ദാദിൽ പോയി ഡാൻസ് ചെയ്തത് ഇപ്പോഴും മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ഡിങ്കി പറയുന്നു.
ആഴ്ചയിൽ മൂന്നുദിവസം വീട്ടിൽ ഡാൻസ് ക്ലാസ് നടത്തിയിരുന്നു. ലോക്ക്ഡൗൺ വന്നതോടെ അത് നിർത്തി.
ഇപ്പോൾ തന്റെ വർക്ക്ഔട്ട് വീഡിയോകൾ പങ്കുവച്ച് ഫണ്ട് സ്വരൂപിച്ചുകൊണ്ടിരിക്കുകയാണ് ഡിങ്കി മുത്തശ്ശി. ആഴ്ചയിൽ ആറ് വീഡിയോകളാണ് ചാരിറ്റി ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നത്.
കിട്ടുന്ന പണം അടിച്ചുപൊളിക്കാൻ വേണ്ടിയാണ് ഡിങ്കി ഉപയോഗിക്കുന്നത് എന്നു കരുതിയാൽ തെറ്റി. നാഷൺ ഹെൽത്ത് സർവീസിനു വേണ്ടിയാണ് ഈ പണം സന്പാദിക്കുന്നത്.
മെയിൽ ഡിങ്കി മുത്തശ്ശിക്ക് 100 വയസാകും. അതുവരെ ഈ വർക്ക്ഔട്ട് വീഡിയോകൾ പങ്കുവയ്ക്കും.