സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ടിന്റെയും നടി റിയ ചക്രവർത്തിയുടെയും വാട്സ്ആപ്പ് സന്ദേശങ്ങൾ എന്ന പേരിൽ സ്ക്രീൻഷോട്ട് സന്ദേശങ്ങൾ പ്രചരിക്കുന്നു.
കഴിഞ്ഞ ജൂണ് എട്ടിന് സുശാന്ത് സിംഗ് രജ്പുത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചതിനെത്തുടർന്ന് മഹേഷ് ഭട്ടിന് റിയ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
ഐഷ മുന്നോട്ട് യാത്ര തുടരുകയാണ്…സർ… ഉറച്ചൊരു മനസോടെയും ആശ്വാസത്തോടെയും… എന്നാണ് സന്ദേശം തുടങ്ങുന്നത്. മഹേഷ് ഭട്ട് നിർമിച്ച ”ജലേബി’ എന്ന സിനിമയിൽ റിയ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ഐഷ. നമ്മുടെ അവസാനത്തെ കോൾ എനിക്കൊരു വേക്കപ്പ് കോളായിരുന്നു.
നിങ്ങൾ എന്റെ മാലാഖയാണ്, അന്നും ഇന്നും നിങ്ങൾ എനിക്കൊപ്പമുണ്ട് എന്നാണ് റിയ അയച്ച സന്ദേശങ്ങൾ. തിരിഞ്ഞ് നോക്കരുത്. നിനക്ക് സാധ്യമായത് ചെയ്യേണ്ടത് അനിവാര്യമാണ്. നിന്റെ പിതാവിനോടുളള സ്നേഹം അറിയിക്കുന്നു. അദ്ദേഹമിപ്പോൾ സന്തോഷവാനായിരിക്കും… എന്നായിരുന്നു മഹേഷ് ഭട്ടിന്റെ മറുപടി.
താങ്കൾ എന്റെ പിതാവിനെ കുറിച്ച് അന്ന് പറഞ്ഞിട്ടുള്ളതാണ് എന്നെ കൂടുതൽ ശക്തയാക്കിയത്, അതാണ് ധൈര്യമേകിയത്. അദ്ദേഹം അതിന് നന്ദി അറിയിക്കുന്നു, എപ്പോഴും ഏറെ പ്രത്യേകതയുള്ളയാളാണ് താങ്കൾ… എന്ന് റിയ മറുപടിയും നൽകിയിട്ടുണ്ട്.
താങ്കൾ വീണ്ടും എന്റെ ചിറകുകൾ സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തിൽ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യൻ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു… എന്നു റിയ അയച്ച സന്ദേശത്തിന് നീ എന്റെ കുഞ്ഞല്ലേ, ഞാൻ പ്രകാശിതനാകുന്നു എന്ന് മഹേഷ് ഭട്ട് മറുപടിയും നൽകി.
മഹേഷ് ഭട്ടും റിയയും തമ്മിലുളള ബന്ധത്തെപ്പറ്റി വലിയ ആരോപണങ്ങൾ ഉയരുന്പോഴാണ് ഈ സ്ക്രീൻഷോട്ട് സന്ദേശങ്ങൾ പുറത്തുവന്നിരിക്കുന്നത്.
മഹേഷ് ഭട്ടിന്റെ ആവശ്യപ്രകാരമാണ് റിയ, സുശാന്തിനെ ഉപേക്ഷിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതാ കൂടാതെ ഒരു അഭിമുഖത്തിലും സുശാന്തിന്റെ മാനസികാരോഗ്യത്തെക്കുറിച്ച് മഹേഷ് മോശമായി പ്രതികരിച്ചിരുന്നു.