മുസാഫർപൂർ: ലൈംഗിക ആരോപണമുയർന്ന മുസാഫർപുരിലെ ബാലികാകേന്ദ്രത്തിൽ നിന്ന് 11 പെൺകുട്ടികളെ കാണാനില്ലെന്ന് റിപ്പോർട്ട്. സിബിഐയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഷെൽട്ടർ ഹോമിൽ വൈദ്യ പരിശോധന നടത്തിയപ്പോൾ 42 കുട്ടികളിൽ 34 പേരെയും ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മാനസിക നില തെറ്റിയ കുട്ടികളും കൂട്ടത്തിൽ ഉണ്ട്.
തടവിലാക്കിയപ്പോൾ പെണ്‍കുട്ടികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏപ്രിലിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടുകൂടിയാണ് സംഭവം പുറത്തുവരുന്നത്.
സംസ്ഥാന സാമൂഹ്യക്ഷേമവകുപ്പിന് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ടിൽ ഒരു എൻജിഒ നടത്തുന്ന പെണ്‍കുട്ടികളുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ മൂന്നാം നിലയിലെ ടെറസിൽ കൊണ്ടുപോയി നഗ്നരാക്കി മർദിക്കുമായിരുന്നുവെന്ന് ഇവിടത്തെ കുട്ടികൾ പോലീസിനു മൊഴി നൽകിയിരുന്നു. സംസാരശേഷിയില്ലാത്ത ഈ കുട്ടി ആംഗ്യഭാഷയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഹെഡ് സർ’ പറയുന്നത് സമ്മതിച്ചില്ലെങ്കിൽ എന്നെ മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകും. പിന്നീട് വസ്ത്രങ്ങൾ അഴിച്ച് കൈകൊണ്ട് തല്ലും’. കുട്ടി പറഞ്ഞു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ കൊന്നുകുഴിച്ചുമൂടിയിട്ടുണ്ടെന്ന് മറ്റൊരു പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.
എൻജിഒയുടെ ഉടമ ബ്രിജേഷ് ഠാക്കൂർ ഉൾപ്പെടെ കുറ്റാരോപിതരായ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മുൻ ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനും ഉണ്ട്. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസായതിനാൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആരോപണത്തെത്തുടർന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.