നടൻ ഇന്ദ്രൻസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വിനോദ് നെല്ലക്കലാണ് നാലു വർഷം മുന്പ് താൻ ഇന്ദ്രൻസിന്റെ അഭിമുഖം ചെയ്യാൻ പോയപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുന്നത്.
മക്കൾക്കും ഭാര്യക്കും ഒപ്പമായിരിക്കുന്നതാണ് തന്റെ സന്തോഷമെന്ന് പറഞ്ഞ ഇന്ദ്രൻസ് ഷൂട്ടിംഗിനായി കുറച്ചധികം നാളുകൾ കുടുംബത്തിൽ നിന്ന് വിട്ടു നിന്നതിന്റെ അസ്വസ്ഥതയും പ്രകടിപ്പിച്ചെന്ന് വിനോദ് കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
കേരളക്കരയൊന്നാകെ ഹർഷാരവത്തോടെ സ്വീകരിക്കുന്ന ഈ ഹാസ്യസാമ്രാട്ടിനൊപ്പം അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ കുറച്ചു സമയം ഇരുന്നപ്പോൾ, ആ വ്യക്തിത്വത്തെക്കുറിച്ച് പറഞ്ഞു കേട്ടതൊന്നും വാസ്തവ വിരുദ്ധമായി തോന്നിയില്ല.
സ്നേഹം വഴിഞ്ഞൊഴുകുന്ന പെരുമാറ്റ ശൈലി, സമാനതകളില്ലാത്ത വിനയശീലം, കുഞ്ഞുങ്ങളെ തോൽപ്പിക്കുന്ന നിഷ്കളങ്കത…
സ്വപ്നത്തിൽ പോലും അഹങ്കരിക്കാനറിയാത്ത ഇന്ദ്രൻസ് എന്ന ഈ സുരേന്ദ്രന് തുല്യനായി ഇന്ന് മലയാള ചലച്ചിത്ര മേഖലയിൽ ആരുമുണ്ടെന്ന് തോന്നുന്നില്ല.
മക്കൾക്കും ഭാര്യക്കും ഒപ്പമായിരിക്കുന്നതാണ് തന്റെ സന്തോഷമെന്ന് പറഞ്ഞതിനൊപ്പം, ഇത്തവണ പതിവിന് വിരുദ്ധമായി കുറച്ചധികം നാളുകൾ കുടുംബത്തിൽ നിന്ന് വിട്ടു നിന്നതിന്റെ അസ്വസ്ഥതയും അദ്ദേഹം വെളിപ്പെടുത്തി.
ഞങ്ങളുടെ സംസാരം ഏതാണ്ട് അവസാനിച്ചപ്പോഴേയ്ക്കും ഷൂട്ടിംഗിന്റെ ഇടവേള കഴിഞ്ഞിരുന്നു.
ബാംഗ്ളൂർ പട്ടണത്തിന്റെ ഏതോ ഭാഗങ്ങളിൽ കൂടി ഒരു ബസിൽ യാത്ര ചെയ്തു കൊണ്ടുള്ള രംഗങ്ങളാണ് തുടർന്ന് ചിത്രീകരിക്കേണ്ടിയിരുന്നത്.
പുലർച്ചയോളം നീണ്ടേക്കാവുന്ന ഒരു സെഷനാണ്. പക്ഷെ എത്ര വൈകിയാലും തന്റെ ഭാഗങ്ങൾ ഈ ഒരു രാത്രിയോടെ അവസാനിച്ചേക്കും എന്ന് അദ്ദേഹം ഇടയ്ക്കെപ്പോഴോ സൂചിപ്പിച്ചിരുന്നു.
മഡിവാളയിലെ ഹോട്ടൽ സവോറിയുടെ മൂന്നാം നിലയിലുള്ള തന്റെ റൂമിൽ നിന്നും അദ്ദേഹം എനിക്കൊപ്പം പുറത്തിറങ്ങുമ്പോൾ കയ്യിലും തോളിലുമായി സാമാന്യം വലിയ രണ്ട് ബാഗുകളും എടുത്തിരുന്നു.
ഒരു കയ്യിൽ ചെറിയൊരു പ്ലാസ്റ്റിക്ക് കവറിൽ എന്തോ പ്ലാസ്റ്റിക് ടിൻ മുറുകെ പിടിച്ചിരുന്നു. അദ്ദേഹം ബാഗുകളുമായി വരുന്നതു കണ്ട സിനിമാക്കാർക്കൊന്നും കാര്യം മനസിലായില്ല.
പക്ഷെ, ലിഫ്റ്റിൽ നിൽക്കുമ്പോൾ എന്റെ ചെവിയിൽ അദ്ദേഹം മന്ത്രിച്ചു: “എത്ര വൈകിയാലും ആ വഴി തന്നെ മടങ്ങണം”
താഴെ എത്തിയപ്പോൾ ബാഗുകൾ സഹായികൾ വാങ്ങി. ഒരു കൂട്ടുകാരനെയെന്നവണ്ണം എന്റെ വിരൽതുമ്പിൽ പിടിച്ച് വിശേഷങ്ങൾ പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഹോട്ടലിന്റെ പടിയിറങ്ങിയത്.
പുറത്ത് വലുതും ചെറുതുമായ ഏതാനും വണ്ടികളും, അവയുടെ അകത്തും പുറത്തുമായി മുഖ പരിചയമുള്ളതും ഇല്ലാത്തതുമായ ചലച്ചിത്ര പ്രവർത്തകരും.
ആവേശത്തോടെ എന്നെ അവരിൽ ചിലർക്കു മുന്നിൽ പരിചയപ്പെടുത്തുന്നതിനിടെ ആരോ രണ്ടു പേർ അദ്ദേഹത്തിന്റെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
അത് കേട്ടതോടെ ആ മുഖത്തെ പ്രസാദം മാഞ്ഞു. അതിനിടയിൽ അവിടെ കിടന്നിരുന്ന ഒരു ട്രാവലറിൽ കയറ്റി വച്ചിരുന്ന തന്റെ ബാഗുകൾ അദ്ദേഹം പോയി തിരിച്ചെടുക്കുന്നതും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.
വീട്ടിലേയ്ക്ക് തിരിച്ചു പോകുവാൻ ഇനിയും താമസമുണ്ടാവണം.
സഹായികളിൽ ആരോ ബാഗ് വാങ്ങാൻ തുനിഞ്ഞു. എന്നാൽ, അവ കൈമാറാതെ, “ഞാൻ തന്നെ കൊണ്ടുവച്ചു കൊള്ളാം” എന്നു പറഞ്ഞ് അദ്ദേഹം ഹോട്ടലിനകത്തേയ്ക്ക് തിരിച്ചു നടന്നു…
അത് നോക്കി ഏതാനും നിമിഷങ്ങൾ അവിടെ നിന്നപ്പോൾ എനിക്കും ചെറിയൊരു ദു:ഖം തോന്നാതിരുന്നില്ല. ഇങ്ങനെയുമുണ്ടോ ഈ കാലത്തും പാവംപിടിച്ച മനുഷ്യർ?