പഠനത്തിനായുള്ള പണം കണ്ടെത്താനായി പത്രമിടാനായി പോകുന്ന വിദ്യാര്‍ഥികള്‍ പല സ്ഥലങ്ങളിലും സ്ഥിരം കാഴ്ചയാണ്. രാവിലെ സ്‌കൂള്‍ സമയത്തിന് മുമ്പ് തീര്‍ക്കാം എന്നതാണ് പത്രവിതരണം കുട്ടികള്‍ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. എന്നാല്‍ ഈ രംഗത്ത് താരമാകുകയാണ് ചാലപ്പുറം ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി ആമിന സന. പൊതുവെ പെണ്‍കുട്ടികള്‍ കടന്നുവരാത്ത പത്രവിതരണ രംഗത്തെത്തി പഠനത്തിനുള്ള പണം കണ്ടെത്തുകയാണ് ഈ കൊച്ചുമിടുക്കി. മഴയും തണുപ്പും ഒന്നും ആമിനയുടെ പ്രഭാതങ്ങളെ അലസമാക്കാറില്ല.
അതിരാവിലെ പത്രക്കെട്ടുകളുമായി സൈക്കിളില്‍ ഈ മിടുക്കി വീടുകള്‍ക്ക് മുന്നിലെത്തും. മഴയേയും മഞ്ഞിനേയും തോല്‍പ്പിക്കാന്‍ റെയിന്‍ കോട്ടും കൂട്ടിനുണ്ടാകും. പാട്ടുപഠിക്കാനുള്ള ആഗ്രഹമാണ് സ്വന്തമായി വരുമാനം കണ്ടെത്താന്‍ ആമിന സനയെ പ്രേരിപ്പിച്ചത്.ശാരദാമന്ദിരം സ്വദേശിയായ കരുന്തേയില്‍ അബ്ദുസാലുവിന്റെയും നസ്രിയയുടെയും മകളാണ് ആമിന. ആഴ്ചവട്ടത്ത് പലവ്യഞ്ജനകടയുടമയാണ് അബ്ദുസാലു.
ആമിന സനയുടെ സൈക്കിള്‍ ബെല്ലടി കേട്ടാണ് കുണ്ടായിത്തോട് ശാരദാമന്ദിരത്തുള്ള മിക്ക വീട്ടുകാരും ഉണരുന്നത്. പത്രം വിതരണംചെയ്ത് പഠനാവശ്യത്തിനുള്ള തുക കണ്ടെത്തുകയാണ് ഈ ഒമ്പതാംക്ലാസുകാരി.പുലര്‍ച്ചെ അഞ്ചരയ്ക്കാണ് പത്രവിതരണത്തിനായി വീട്ടില്‍നിന്ന് ഇറങ്ങുക. ശാരദാമന്ദിരം ബസ് സ്റ്റോപ്പില്‍നിന്ന് പത്രങ്ങള്‍ തരംതിരിക്കും. സംസ്ഥാനത്തെ എല്ലാ പ്രധാന പത്രങ്ങളും ആമിന വിതരണം ചെയ്യുന്നുണ്ട്.
ആമിനയുടെ അതിരാവിലെയുള്ള പത്രവിതരണം 80 വീടുകളിലാണ്. രാവിലെ അഞ്ച് മണിക്ക് തുടങ്ങുന്ന ജോലി ഏഴുമണിയോടെ അവസാനിപ്പിക്കും. ഒമ്പതോടെയാണ് സ്‌കൂളിലേക്ക് പുറപ്പെടുക. മാസം ആയിരത്തിലധികം രൂപ പോക്കറ്റ് മണിയായി ലഭിക്കുമെന്ന് ആമിന സന പറയുന്നു. ചാലപ്പുറം ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. പാട്ട് പഠിക്കാന്‍ പണം കണ്ടെത്താനാണ് ആമിന സന പത്രവിതരണം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. വീട്ടുകാരോട് പറഞ്ഞപ്പോള്‍ പാട്ടുപഠനത്തിനുള്ള ഫീസ് നല്‍കാമെന്നും പത്രവിതരണം വേണ്ടെന്നുമായിരുന്നു മറുപടി. കൂടുതല്‍ സമ്മര്‍ദം ചെലുത്തിയതോടെ വീട്ടുകാരും വഴങ്ങി. വെളിച്ചംവീഴുന്നതിനുമുമ്പുള്ള മകളുടെ യാത്ര ആദ്യമൊക്കെ പേടിയായിരുന്നെന്ന് പിതാവ് അബ്ദുസാലു പറഞ്ഞു.
തെരുവുനായശല്യവും ഈ പ്രദേശത്ത് രൂക്ഷമാണ്. ആദ്യമൊക്കെ നായ്ക്കളെ പേടിയായിരുന്നെന്നും എന്നാല്‍, ദിവസവും കണ്ട് നായ്ക്കളുമായി കമ്പനിയായെന്നും ആമിന സന പറയുന്നു. ”അധ്വാനിച്ച് ജീവിക്കാമെന്ന് കരുതിയാണ് പത്രവിതരണം തിരഞ്ഞെടുത്തത്. ഉപ്പാനെ സഹായിക്കുകയുംകൂടി ചെയ്യാല്ലോ”ആമിന സന പറയുന്നു. കുണ്ടായിത്തോടിലെ പ്രധാന ഏജന്റായ ധീരലാലാണ് വിതരണത്തിന് ആവശ്യമായ പത്രങ്ങള്‍ നല്‍കുന്നത്.
മാധ്യമപ്രവര്‍ത്തകയാവണമെന്നാണ് ആമിന സനയുടെ ലക്ഷ്യം. ഒരു വര്‍ഷമായി ചെറുവണ്ണൂര്‍ നടരാജ സംഗീതവിദ്യാലയത്തില്‍നിന്ന് വയലിന്‍ പഠിക്കുന്നുണ്ട്. ചിത്രകാരികൂടിയായ ആമിന സന സ്‌കൂള്‍ കലോത്സവങ്ങളിലെ താരമാണ്. സ്‌കൂളിലെ പാഠ്യപാഠ്യതേര പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പിലുണ്ടെന്ന് അദ്ധ്യാപകര്‍ വ്യക്തമാക്കി. കൊളത്തറ ബാലസംഘം ഏരിയാസെക്രട്ടറിയാണ്. നാലാംക്ലാസുവരെ ആഴ്ചവട്ടം ജി.യു.പി.സ്‌കൂളിലായിരുന്നു പഠനം. അവിടെനിന്ന് ആദ്യമായി എല്‍.എസ്.എസ്. നേടിയത് ആമിന സനയാണ്. സോഷ്യല്‍ മീഡിയയിലും ഈ കുഞ്ഞു മിടുക്കിയ്ക്ക് അഭിനന്ദന പ്രവാഹമാണ്.