ഗുരുവായൂർ: വിവാഹം കഴിഞ്ഞ് ഇറങ്ങിയ നവവരനെ വധുവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. പാലക്കാട് സ്വദേശികളായ വരനും വധുവും ഒരുവർഷം മുന്പ് ഉറപ്പിച്ച വിവാഹത്തിനായാണ് ഗുരുവായൂരിലെത്തിയത്. രാവിലെ വിവാഹത്തിനിടെ വധുവിന്റെ ഏതാനും ചില ബന്ധുക്കൾ ഇവരുടെ ഫോട്ടോ എടുത്തിരുന്നു.
എന്നാൽ ഫോട്ടോ എടുക്കരുതെന്ന് വരനും വധുവും നിർദേശിച്ചു. തുടർന്ന് വിവാഹശേഷം ക്ഷേത്രത്തിനു സമീപം നിൽക്കുകയായിരുന്ന വരനെ ഏതാനുംപേർ ചേർന്ന് മർദിക്കുകയായിരുന്നു. പരിക്കേറ്റ വരനും വധുവും വിവാഹവേഷം ധരിച്ചുതന്നെ ഗുരുവായൂർ ടെന്പിൾ സ്റ്റേഷനിൽ എത്തി മർദിച്ചവർക്കെതിരെ പരാതി നൽകി.
ക്ഷേത്രത്തിലെ സെക്യൂരിറ്റിക്കാരും നാട്ടുകാരും ചേർന്ന് മർദിച്ച നാലുപേരെ പിടികൂടി സ്റ്റേഷനിൽ ഏൽപ്പിച്ചു. ഇവർക്കെതിരെ പോലീസ് കേസെടുത്തു. മർദിച്ച നാലുപേർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.