ആലത്തൂർ: തരൂർ ഗ്രാമപഞ്ചായത്തിലെ കോണ്ഗ്രസ് വാർഡ് മെന്പറെ തട്ടികൊണ്ടു പോയതായി പരാതി. ഇന്നലെ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പായിരുന്നു. ഇതിനെ മുന്നിൽ കണ്ടുകൊണ്ടാണ് സംഭവമെന്നാണു പറയുന്നത്.
ഏഴാം വാർഡ് തോട്കാടിലെ മെന്പർ എ.എ.കബീറിനെയാണ് അയൽവാസിയും സിപിഎം ആലിങ്കൽ പറന്പ് ബ്രാഞ്ചംഗവുമായ രാജേഷ് തമിഴ്നാട്ടിലെ ഈറോഡിലേക്ക് തട്ടികൊണ്ടു പോയെന്നു പരാതിയുള്ളത്. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് രാജേഷ് കബീറിനെ തട്ടികൊണ്ടു പോയതെന്ന് ഭാര്യ സൈനബ ആലത്തൂർ പോലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
തരൂരിൽ യുഡിഎഫിന് എട്ടും, എൽഡിഎഫിന് ഏഴും അംഗങ്ങളാണുള്ളത്. യുഡിഎഫിലെ ഒരംഗം പങ്കെടുക്കാതായാൽ വോട്ടുകൾ തുല്യമാകും. അങ്ങിനെ വന്നാൽ നറുക്കെടുപ്പാവും ഫലം നിർണയിക്കുക. അതിന് വേണ്ടിയാണ് സിപിഎം പ്രവർത്തകൻ വാർഡംഗമായ അയൽക്കാരനെ തട്ടിക്കൊണ്ടുപോയ തെന്നും പരാതിയിലുണ്ട്.
കരാർ പണിയിൽ കിട്ടാനുള്ള പണം വാർഡ് മെന്പർ പറയുകയാണെങ്കിൽ വേഗത്തിൽ കിട്ടുമെന്നു വിശ്വസിപ്പിച്ചു തമിഴ്നാട്ടിലെ ഈറോഡിലേക്ക് കൂട്ടികൊണ്ടു പോയത്. അവിടെ ഏതോ ഓഫീസിൽ ചെന്നു പറയുകയും പണം ഒരാഴ്ചക്കുള്ളിൽ നൽകാമെന്ന് അവർ പറഞ്ഞുവെന്നുമാണ് നാട്ടിൽ പറയുന്നത്.
അത് ശരിയാണോ, അതോ നാടകമാണോ എന്നാണ് സംശയം. ഇതിനിടയിൽ കബീറിനെ മദ്യം കുടിപ്പിച്ചു. ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം കുപ്പി വെള്ളവും സിഗററ്റും വാങ്ങാൻ വേണ്ടി റോഡിന്റെ എതിർവശത്തെ കടയിലേക്ക് പോയപ്പോൾ കബീറിനെ കൂട്ടി കൊണ്ടു പോയ വ്യക്തി അതുവഴി വന്ന തമിഴ് നാട് ട്രാൻസ്പോർട്ട് ബസ്സിൽ കയറി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നാട്ടിൽ വിളിച്ച് പറഞ്ഞ് കോയന്പത്തൂർ ഗാന്ധിപുരം പോലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന് കബീറിന്റെ ഭാര്യയും കോണ്ഗ്രസ് പ്രവർത്തകരും ആലത്തൂർ സ്റ്റേഷനിലെത്തി പോലീസിനെ കൂട്ടി കോയന്പത്തൂരെത്തി. രാത്രി 12 മണിയോടെ കബീറിനെ വീട്ടിലെത്തിക്കുകയായിരുന്നു.
അഞ്ച് വർഷങ്ങൾക്കു മുന്പു കോഴിക്കോട് നിന്ന് പെണ്കുട്ടിയെ തട്ടികൊണ്ടു വന്ന കേസിലെ മുഖ്യപ്രതിയാണ് സിപിഎം പ്രവർത്തകനായ രാജേഷ്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. സംഭവത്തിനു പിന്നിൽ സിപിഎം ലോക്കൽ നേതാക്കൾക്ക് പങ്കുണ്ടെന്നു തരൂർ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ആർഎൻ വിജയകുമാറും തരൂർ പഞ്ചായത്ത് പ്രസിഡന്റ് പി മനോജ് കുമാറും ആരോപിച്ചു.