വടകര: കേരള സംഗീത നാടക അക്കാദമി പത്ത് ദിവസങ്ങളിലായി വടകരയിൽ നടത്താനിരുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം തൃശൂരിലേക്ക് മാറ്റിയതിനു പിന്നിൽ കള്ളക്കളിയെന്ന് ആക്ഷേപം. സംഗീത നാടക അക്കാദമിക്കെതിരെ ചില നാടക പ്രവർത്തകർ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അക്കാദമിയുടെ തീരുമാനം.
ചരിത്രത്തിൽ ആദ്യമായി വടകരയിൽ നടത്താനിരുന്ന നാടക മത്സരം മാറ്റിയതിൽ വടകരയിലെ ചില നാടക പ്രവർത്തകർക്കും പങ്കുണ്ടെന്നകാര്യം ഖേദകരമെന്നാണ് പൊതുവെയുള്ള അഭിപ്രായം. സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പത്ത് നാടകങ്ങൾ സൗജന്യമായി കാണാനുള്ള അവസരമാണ് വടകരയിലെ നാടക പ്രേമികൾക്ക് ഇതിലൂടെ നഷ്ടമായത്.
നാടക മത്സരം നടത്താൻ 11 ദിവസത്തേക്ക് വടകര ടൗണ്‍ഹാൾ നഗരസഭ സൗജന്യമായി വിട്ട് കൊടുത്തിരുന്നു. ഇതിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത വിധം വിവിധങ്ങളായ അനുബന്ധ പരിപാടികൾ നടത്താനുമായിരുന്നു തീരുമാനം.
പുതിയ തലമുറക്ക് അറിയാത്ത പഴയ നാടക പ്രവർത്തകരെ ആദരിക്കുന്നതോടൊപ്പം ഇവരെ പുതുതലമുറയ്ക്ക് അറിയാനുള്ള അവസരവുമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. മാത്രമല്ല വടകരയിലെ വിവിധസ്കൂളുകളിൽ നിന്നു മത്സരത്തിൽ വിജയിച്ച നാടകങ്ങൾ അവതരിപ്പിക്കാനുള്ള അവരസവും നഷ്ടമായി.
ഈ പരിപാടികളെല്ലാം തന്നെ ഉൾക്കൊള്ളിച്ചുള്ള വിശദമായ കത്ത് അച്ചടിച്ച് വിതരണം ചെയ്തിന് ശേഷമാണ് നാടക മത്സരത്തിന് കുരുക്ക് വീണത്.