വടകര: പ്രസവത്തനിടയിൽ തലശേരി ജനറൽ ആശുപത്രിയിൽ കുഞ്ഞും അതീവഗുരുതരാവസ്ഥയിലായ അമ്മ നിധിന (27) കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്ത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ആക്ഷൻ കമ്മിറ്റി കണ്ണൂർ ഡിഎംഒയ്ക്ക് പരാതി നൽകി.
തലശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ചികിത്സയിലായിരുന്ന ഒഞ്ചിയം കോടേരി മീത്തൽ വിനീഷിന്റെ ഭാര്യയും മനേക്കര തിയ്യൻകണ്ടിയിൽ രാജന്റെ മകളുമായ നിധിനയും കുഞ്ഞും പ്രസവസമയത്ത് മരിക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിധിനയുടെ ഭർത്താവും സഹോദരനും ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. പൂർണമായും ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ടും കെജിഎംഒഎയും സ്വീകരിച്ചതെന്ന് ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
പരാതിയുടെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. അന്വേഷണത്തിൽ നിധിന വർഷങ്ങളായി ഗുരുതരമായ ഹൃദ്രോഗി ആയിരുന്നുവെന്ന വാദവുമായാണ് ആശുപത്രി അധികൃതർ രംഗത്തത്തെിയിരിക്കുന്നത്. ഇത് തീർത്തും വസ്തുതാവിരുദ്ധമാണെന്ന് ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി.
ആദ്യപ്രസവത്തിലുണ്ടായ ആസ്ത്മ സംബന്ധമായ അസ്വസ്ഥതകളെക്കുറിച്ച് ഡോക്ടറോട് തുറന്നു പറയുകയും ഡോക്ടർ ആ കാര്യം രേഖപ്പെടുത്തുകയും ചെയ്തതാണ്.
അതേസമയം നിധിന ഹൃദ്രോഗത്തിന് ചികിത്സ തേടുകയോ പ്രസവ സമയം വരെ ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം കാർഡിയോളജിസ്റ്റിനെ കാണിക്കുകയും അത്തരം കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നു വ്യക്തമായതുമാണ്.
പതിവുപരിശോധനക്കായി ജൂണ് 11ന് ഡോക്ടറുടെ വീട്ടിലത്തെിയ നിധിനയോട് ആശുപത്രിയിൽ അഡ്മിറ്റ് ആവാൻ നിർദ്ദേശിക്കുകയായിരുന്നു. 12ന് വേദനയക്കുള്ള മരുന്ന് നൽകുകയും ഉച്ചയ്ക്ക് 1.30ഓടെ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബോധ്യമുള്ള നിധിന സിസേറിയന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയാണ് ആശുപത്രിയിലുണ്ടായിരുന്നവർ ചെയ്തതെന്ന് കൂടെയുണ്ടായിരുന്ന മാതൃസഹോദരി സാക്ഷ്യപ്പെടുത്തുന്നു.
കഠിനമായ വേദന അനുഭവപ്പെട്ട ശേഷം ബന്ധുക്കൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഡോക്ടർ പരിശോധനയ്ക്കായി എത്തിയത് വൈകിട്ട് 5.45നാണ്. ഡോക്ടർ എത്തിയ ശേഷം ആറു മണിയോടെ ഐസിയുവിലേക്ക് മാറ്റുകയും 30 മിനിട്ടിനു ശേഷം കുട്ടി മരിച്ചതായും നിധിന ഗുരുതരാവസ്ഥയിലാണെന്ന കാര്യം ബന്ധുക്കളെ അറിയിക്കുകയുമാണ് ഉണ്ടായത്.
പ്രസവശേഷം ഗുരുതരാവസ്ഥയിലായ നിധിനയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഐസിയു സൗകര്യമുള്ള ആംബുലൻസ് വിളിച്ച് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിക്കുകയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രത്യേക സജ്ജീകരണങ്ങളുള്ള ആംബലൻസിൽ മാത്രമേ കൊണ്ടുപോകാനാകൂ എന്ന് തെറ്റിദ്ധരിപ്പിക്കുകയുമാണ് ഉണ്ടായത്.
വൈകുന്നേരം 6.30ന് ഗുരുതരാവസ്ഥയിലായ നിധിനയെ ആംബുലൻസ് എത്തി കോഴിക്കോടേക്ക് കൊണ്ടുപോകുന്നത് രാത്രി 9.55നാണ്. അതിനിടയിൽ പല പേപ്പറുകളിൽ ഭർത്താവിൽ നിന്ന് ആശുപത്രി അധികൃതർ ഒപ്പിട്ട് വാങ്ങുകയുണ്ടായി.
തങ്ങൾക്കു പറ്റിയ കൈയബദ്ധം മനസിലാക്കിയ അധികൃതർ നടത്തിയ ഗൂഢാലോചനയാണ് നിധിനയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും അവിടെ നിന്ന് തങ്ങൾക്കനുകൂലമായ മെഡിക്കൽ റിപ്പോർട്ട് ഉണ്ടാക്കിയതെന്നും ന്യായമായും സംശയിക്കുന്നതായി ആക്ഷൻ കമ്മിറ്റി കുറ്റപ്പെടുത്തി.
ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.പി.പവിത്രന്റെ സാന്നിധ്യത്തിൽ ഭർത്താവ് വീനീഷ്, സഹോദരൻ രാജേഷ് എന്നിവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കണ്ട് പരാതി കൈമാറിയിട്ടുണ്ട്.