തലശേരി: ബിജെപി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്ത് മഹേഷിനെ(33) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവർത്തകരായ 11 പ്രതികളും കുറ്റക്കാരണെന്ന് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി.
സിപിഎം പ്രവര്‍ത്തകരായ പൈങ്ങോളി രമേശ്, ഓണിയന്‍ ബാബു, നെല്ലിക്ക ഉത്തമന്, ചെമ്മേരി പ്രകാശന്, മണോളി ഉമേശ്, വാഴവളപ്പില്‍ രഞ്ജിത്, നല്ലിക്ക മുകേഷ്, കാരാട്ട് പുരുഷോത്തമന്, ചിരുകണ്ടോത്ത് സുനീഷ്, മണപ്പാട്ടി സൂരജ്, വയലേരി ഷിജു എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. . മുഴുവൻ പ്രതികളിലും കൊലകുറ്റവും 3-5 എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ടും തെളിഞ്ഞിട്ടുണ്ട്.
ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ശിക്ഷയെകുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന ചോദ്യത്തിന് പാവങ്ങളാണെന്നും കുടുംബത്തിന്റെ ആശ്രയമാണെന്നും ശിക്ഷയിൽ ഇളവ് ചെയ്തുതരണമെന്നും പ്രതികൾ കോടതിയോട് പറഞ്ഞു. വിധി കേൾക്കാനായി നിരവധി സിപിഎം പ്രവർത്തകരാണ് കോടതിയിലെത്തിയത്.
2008 മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം. തലശേരിയില്‍ ആര്‍എസ്എസ് നേതാവ് എം.പി സുമേശിന് വെട്ടേറ്റതിനെ തുടര്‍ന്ന് കൊലപാതക പരമ്പര തന്നെ അരങ്ങേറുകയും ഇതിന്റെ ഭാഗമായി നടന്ന ഹര്‍ത്താല്‍ ദിനത്തില്‍ ചിറ്റാരിപ്പറമ്പില്‍ മഹേഷ് കൊല്ലപ്പെടുകയായിരുന്നു. 18 സാക്ഷികളെ വിസ്തരിച്ച ഈ കേസില്‍ 27 രേഖകകളും പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളുള്‍പ്പെടെ ഒൻപത് തൊണ്ടി മുതലുകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന മഹേഷിനെ രാഷ്ട്രീയ വിരോധത്തിൽ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.