കോട്ടയം: വിഷം ഉള്ളിൽ ചെന്ന് മരിച്ച സ്വർണപണിക്കാരൻ ചങ്ങനാശേരി പുഴവാത് ഇല്ലന്പള്ളി വീട്ടിൽ സുനിലിന്റെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ ഇല്ലെന്ന് പ്രാഥമിക പരിശോധനാ റിപ്പോർട്ട്.ഇന്നു രാവിലെയാണ് സുനിൽ, ഭാര്യ രേഷ്മ എന്നിവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തത്.
സ്വർണം കാണാതായതുമായി ബന്ധപ്പെട്ടു സുനിലിനെ ചങ്ങനാശേരി സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തുവെന്നും മർദിച്ചുവെന്നുമാണു പരാതി ഉയർന്നിരുന്നത്. ഈ സാഹചര്യത്തിലാണ് പ്രാഥമിക പരിശോധന നടത്തിയത്.
എന്നാൽ ഇത്തരത്തിൽ മർദമേറ്റതിന്റെ പാടുകളോ ചതവുകളോ സുനിലിന്റെ ശരീരത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു പ്രാഥമിക പരിശോധന റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പോസ്റ്റ്മോർട്ടം നടപടികൾക്കു ആർഡിഒ എത്തിയില്ലെന്നാരോപിച്ചു കോണ്ഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളജ് മോർച്ചറിയ്ക്കു മുന്നിൽ സംഘർഷമുണ്ടാക്കി. അഡീഷണൽ തഹസിൽദാരുടെ നേതൃത്വത്തിലാണു ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത്.