അടുത്ത ദിവസങ്ങളില്‍ കേരളത്തെ കണ്ണീരിലാഴ്ത്തി കൊണ്ടിരിക്കുന്ന സംഭവമാണ് എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു എന്ന വിദ്യാര്‍ത്ഥിയുടെ കൊലപാതകം. അഭിമന്യുവിനെക്കുറിച്ച് കൂട്ടുകാരും പരിചയക്കാരും പങ്കുവച്ചുകൊണ്ടിരിക്കുന്ന ഓര്‍മ്മകളും ഏറെ സങ്കടപ്പെടുത്തുന്നതാണ്. എന്നാല്‍ ഒരു ഫേസ്ബുക്ക് പേജിന്റെ കവര്‍ പേജ് കണ്ടാല്‍ മനസിലാവും അഭിമന്യു എത്രത്തോളം ജനസമ്മതനായിരുന്നു എന്നുള്ളത്.
കോളജില്‍ എസ്എഫ്ഐ എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് അവന് തികഞ്ഞ ആദരവ് കാണിച്ചിരുന്നു. അതുകൊണ്ട് തന്നെയായിരിക്കണം എറണാകുളം മഹാരാജാസ് കോളജിലെ കെഎസ്യുവിന്റെ ഫേസ്ബുക്ക് പേജിന്റെ മുഖചിത്രത്തില്‍ ഇപ്പോള്‍ സഖാവ് അഭിമന്യൂവായിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജില്‍ എസ്ഡിപിഐയുടെ കുത്തേറ്റ് കൊല്ലപ്പെട്ട അഭിമന്യൂവിന്റെ ചിത്രം മുഖചിത്രമാക്കിയാണ് കോളജിലെ കെഎസ്യു യൂണിറ്റ് അവനോടുള്ള ആദരവ് പ്രകടിപ്പിച്ചത്.
മാതൃകാപരമായ ഈ നീക്കത്തിന് എല്ലാവരും നിറ കൈയ്യടിയാണ് നല്കി കൊണ്ടിരിക്കുന്നത്. കോളജില്‍ അവന്റെ സംഘടനാപ്രവര്‍ത്തനത്തെ കുറിച്ചുള്ള ഓര്‍മകളും പേജില്‍ പങ്കുവയ്ക്കുന്നു. കോളജില്‍ കെഎസ്യു മുന്‍പ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ പാര്‍ട്ടിക്കാരെയും ക്ഷണിച്ചിരുന്നു. എന്നാല്‍ സംഘാടകരെ പോലും അദ്ഭുതപ്പെടുത്തി അതില്‍ പങ്കെടുക്കാന്‍ ആദ്യം എത്തിയത് എസ്എഫ്ഐക്കാരനായ അഭിമന്യൂ ആയിരുന്നു. ഈ സംഭവം ഓര്‍ത്തെടുത്ത് കെഎസ്യു നേതാക്കള്‍ പങ്കുവച്ച കുറിപ്പും പേജിലുണ്ട്.
കെഎസ്യുവിന്റെ ഓര്‍മകുറിപ്പില്‍ പറയുന്നതിങ്ങനെ…
കോളേജില്‍ നിലവിലുള്ള എല്ലാ പാര്‍ട്ടിക്കാരെയും ഞാന്‍ മത്സരത്തിനു ക്ഷണിച്ചിരുന്നു. എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു. അന്ന് ആദ്യം എത്തിയത് അവനായിരുന്നു. ‘അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ’ ! ഉള്ളില്‍ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരന്…
അവന്റെ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല. അത്രമേല്‍ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകള്‍ മുന്നോട്ടു പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ. ഒന്നര വര്‍ഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസില്‍ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ ുൃലലെിരല ആയിരിക്കും ഈ ക്യാമ്പസില്‍ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വര്‍ഗീയതയുടെ വിഷവിത്തുകള്‍ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മള് മഹാരാജാസുകാര്‍ക്ക് കീറി മുറിക്കാം. ഇവിടം സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം. പരസ്പരം തോളില്‍ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം. ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാന്‍ പാടില്ല. അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം, മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !