തലശേരി: കുട്ടിമാക്കൂൽ പെരിങ്കളത്ത് സിപിഎം പ്രവർത്തകന്റെ വീടിനുനേരേ ബോംബേറ്. രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സ്ഫോടനത്തിൽ ഒൻപത് വയസുകാരി ധരിച്ചിരുന്ന വസ്ത്രം കത്തി പൊള്ളലേറ്റു. ഇന്നു പുലർച്ചെ ഒന്നോടെയാണ് സംഭവം. സിപിഎം പ്രവർത്തകനായ പെരിങ്കളം പ്രതീഷയിൽ ലിനീഷിന്റെ വീടിനുനേരേയാണ് ബോംബേറുണ്ടായത്.
സ്ഫോടനത്തിൽ ലിനീഷിന്റെ മാതാവ് ഉഷ (53), മക്കളായ അനാമിക (9), അലേഷ് (ഏഴ്) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉഷയും പേരക്കുട്ടികളും വീടിന്റെ ഹാളിലാണ് കിടന്നിരുന്നത്. രണ്ടു ബൈക്കുകളിലായെത്തിയ അക്രമി സംഘം വീടിന്റെ ജനലിനും വാതിലിനും നേരേ രണ്ട് ബോംബ് എറിയുകയായിരുന്നു.
ഒരു സ്റ്റീൽ ബോംബും ഒരു നാടൻ ബോംബുമാണ് എറിഞ്ഞതെന്ന് ലിനീഷ് രാഷ്ട്രദീപികയോട് പറഞ്ഞു. സ്ഫോടനത്തിന്റെ ആഘാതത്തിൽ അലേഷ് ബോധരഹിതനായി. അലേഷിന്റെ ചെവിക്ക് പരിക്കേറ്റിട്ടുണ്ട്. സമീപത്ത് കിടന്നുറങ്ങുകയായിരുന്ന സഹോദരി അനാമികയുടെ വസ്ത്രത്തിന് തീപിടിക്കുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.
ഉഷയുടെ ഇടത് കൈമുട്ടിനാണ് പരിക്കേറ്റത്. എഎസ്പി ചൈത്ര തെരേസ ജോൺ, സിഐ എം.പി. ആസാദ്, എസ്ഐ എം. അനിൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തുകയും പ്രദേശത്ത് അക്രമികൾക്കായി റെയ്ഡ് നടത്തുകയും ചെയ്തു.
സംഭവത്തിനു പിന്നിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.
ഇതിന്റെ തുടർച്ചയായി ഇല്ലത്തുതാഴെയിൽ റോഡിലും ബോംബ് സ്ഫോടനമുണ്ടായി. ഇന്നലെ രാവിലെ മുതൽ ഇല്ലത്തുതാഴെ പ്രദേശത്ത് ബിജെപി, സിപിഎം സംഘർഷം നിലനിന്നിരുന്നു. കൊടിമരം തകർത്തതിനെ തുടർന്നാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്.