കോട്ടയം: ജില്ലയിലെ വിവിധ വർക്ക്ഷോപ്പുകളിൽ നിന്നും വാഹനങ്ങളും മറ്റു ഉപകരണങ്ങളും മോഷണം പോകുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്സ് കേരള കോട്ടയം ജില്ലാ പോലീസ് ചീഫിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഇതിനു പുറമെ മോഷണം നടന്ന പാലാ, വൈക്കം, ചിങ്ങവനം, കോട്ടയം, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിൽ എസ്ഐമാരുടെ നേതൃത്വത്തിൽ വർക്ക്ഷോപ്പ് ഉടമകളുടെ യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ വർക്ക്ഷോപ്പ് ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പോലീസിനോടു വ്യക്തമാക്കി.
വർക്ക്ഷോപ്പുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും സെക്യുരിറ്റികളെനിയമിക്കാനും തീരുമാനമായിട്ടുണ്ട്. വർക്ക്ഷോപ്പുകളിൽ രാത്രികാലങ്ങളിൽ സൂക്ഷിക്കുന്ന വാഹനങ്ങളുടെ താക്കോൽ വർക്ക്ഷോപ്പുകളിൽ സൂക്ഷിക്കാതെ വർക്ക്ഷോപ്പ് ഉടമകൾ തന്നെ സൂക്ഷിക്കണമെന്ന് പോലീസ് നിർദേശിച്ചു.
ഈരാറ്റുപേട്ട, പാലാ, കോട്ടയം ടൗണ്, ഞാലിയാംകുഴി, കോടിമത, വൈക്കം, കുറവിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ വർക്ക്ഷോപ്പുകളിലാണു മോഷണം നടന്നത്. ഡസ്റ്റർ, ഓൾട്ടോ, മാരുതി കാറുകളും ലെയ്ത്ത് ഉപകരണങ്ങൾ, ടൂൾസ്, ജാക്കി, ബാറ്ററികൾ, ടയറുകൾ എന്നിവയുമാണു മോഷ്ടാക്കൾ അപഹരിച്ചത്.
ഈരാറ്റുപേട്ടയിലെ വർക്ക്ഷോപ്പിന്റെ ഗ്രില്ല് തകർത്താണു ഡസ്റ്റർ കാർ മോഷ്ടിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ സിസിടി കാമറ പരിശോധിച്ചതിൽനിന്നും ഡസ്റ്റർ കാർ പാലായിലുടെ ഓടിച്ചു പോയതായി കണ്ടെത്തിയിട്ടുണ്ട്. ചിങ്ങവനത്തുള്ള വർക്ക് ഷോപ്പിൽനിന്നും സ്വിഫ്റ്റ് കാറും കാണാതായിരുന്നു.
മോഷ്ടിക്കുന്ന വാഹനങ്ങൾ തമിഴ്നാട്ടിലേക്കു കടത്തുന്നതായാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഇത്തരത്തിലുള്ള കുറച്ചു മോഷ്്ടാക്കൾ മാത്രമാണു മധ്യകേരളത്തിലുള്ളത്. ഇവരിൽ ചിലർ വിവിധ കേസുകളിൽപ്പെട്ട് ജയിലിലാണ്. ബാക്കിയുള്ളവർ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരാണ്. ഇവരെ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.