കോട്ടയം: റെയിൽവേ സ്റ്റേഷനു മുന്നിലെ ബേക്കറി അടിച്ചുതകർത്ത കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പോലീസ്. ഇയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. വടവാതൂർ ശാന്തിഗ്രാം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ജോമോൻ കെ ജോസ് (35) ആണ് പിടിയിലായത്.
ഇതോടെ ഈ കേസിൽ മൂന്നു പേർ അറസറ്റിലായിട്ടുണ്ട്. ശാന്തിഗ്രാം കോളനിയിൽ മറ്റൊരു പ്രതിയെയാണു ഇനി പിടികൂടാനുള്ളത്. കഴിഞ്ഞ 29ന് രാത്രിയാണ് റെയിൽവേ സ്റ്റേഷനു എതിർവശത്തുള്ള ബ്രദേഴ്സ് ബേക്കറി അടിച്ചു തകർത്ത സംഭവമുണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘം കടയിലെത്തി ഗുണ്ടാപിരിവ് ചോദിച്ചു.
പണം തരില്ലെന്നു കടയുടമ പറഞ്ഞതോടെ ഇയാളെ മർദിക്കുകയും പീന്നിട് കട അടിച്ചുതകർക്കുകയുമായിരുന്നു. അലമാരിയും മിഠായി ഭരണിയുമെല്ലാം തകർത്ത ശേഷം ഓട്ടോയിൽ കയറി രക്ഷപ്പെട്ടു. ബേക്കറി ഉടമയ്ക്കും ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ രണ്ടു പേരെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇന്നലെ അറസ്റ്റിലായ ജോമോൻ കെ ജോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.