വെള്ളമുണ്ട: യുവദന്പതികളെ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയലിൽ പന്ത്രണ്ടാംമൈൽ വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകൾ ഫാത്തിമ (19) എന്നിവരെയാണ് വീട്ടിനുള്ളിൽ കിടപ്പുമുറിയിലെ കട്ടിലിൽ വെട്ടേറ്റ് മരിച്ചനിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് ഇരുവരുടേയും മരണമെന്നാണ് സൂചന.
വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കളാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മൂന്ന് മാസം മുന്പായിരുന്നു ഇവരുടെ വിവാഹം. എല്ലാ മുറികളിലും രക്തം തളംകെട്ടി നിൽക്കുന്നുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ് താമസിക്കുന്നത്.
രാവിലെ എട്ടോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. രക്തം കണ്ട് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസും സ്ഥലത്തെത്തി. തുടർ നടപടികൾ സ്വീകരിച്ചു.