മുളങ്കുന്നത്തുകാവ്(തൃശൂർ): തെരുവുനായയുടെ ആക്രമണത്തിൽ മുഖത്തു ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുകാരനെ നാളെ ശസത്രക്രിയയ്ക്കു വിധേയമാക്കും. ഗൂരുവായൂർ ഇരിങ്ങപ്രം റാംഷാദിന്റെ മകൻ മുഹമ്മദ് ഐൻസിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ റോഡിൽനിന്നു കയറിവന്ന തെരുവനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ബന്ധുക്കൾ ഓടിയെത്തി. കുട്ടിയുടെ മുഖം കടിച്ചുപിടിച്ചു നിൽക്കുന്ന തെരുവനായയെയാണ് അവർ കണ്ടത്. നായയുടെ കടിയിൽനിന്നു കുട്ടിയെ രക്ഷിക്കാൻ ഓടിയെത്തിയ ബന്ധുവായ സ്ത്രീ ശ്രമിച്ചെങ്കിലും നായ കടിവിട്ടില്ല.
പിന്നീട് ഓലമടൽ എടുത്ത് നായയെ നിരവധി തവണ അടിച്ചപ്പോൾ കടിവിട്ട നായ സ്ത്രീയേയും ആക്രമിക്കാൻ ശ്രമിച്ചു. കൈയിലെ മടൽ കൊണ്ട് അടിക്കാൻ ഓങ്ങിയപ്പോഴാണ് നായ ഓടിപ്പോയത്. കടിയേറ്റ് കുട്ടിയുടെ മുഖം വികൃതമായിരിക്കുകയാണ്. മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.
കുട്ടി അപകടനില തരണം ചെയ്യുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു.വർഷകാലമായതോടെ നായ്ക്കളുടെ ആക്രമണങ്ങളിൽ പരിക്കേറ്റ് നിരവധി ആളുകളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്. സൗജന്യ മരുന്നുകളും കുടുതൽ ചികിത്സാസൗകര്യവും ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.