കൊല്ലം: യുഡിഎഫ് ഭരണകാലത്ത് സമരം മാത്രം തൊഴിലാക്കി കശുവണ്ടി മേഖലയെ തകർക്കാൻ ശ്രമിച്ച മേഴ്സിക്കുട്ടിയമ്മ വകുപ്പ് മന്ത്രിയായി അധികാരത്തിൽ വന്നിട്ട് രണ്ടു വർഷം പിന്നിടുന്പോഴും കശുവണ്ടി തൊഴിലാളികളെ സംരക്ഷിക്കുവാൻ ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് രാജിവയ്ക്കുവാൻ തയാറാകണമെന്ന് ഐ എൻറ്റിയുസി ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
തെറ്റായ കണക്കുകൾ പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കാതെ യുഡിഎഫ് ഭരണകാലത്ത് അടച്ചിട്ടിരുന്ന എത്ര ഫാക്ടറികൾ തുറക്കുവാൻ കഴിഞ്ഞു എന്ന് മന്ത്രി വ്യക്തമാക്കണം. ചില സ്വകാര്യ മുതലാളിമാരുടെ ഓഫീസിന് മുന്നിലും ഫാക്ടറികൾക്ക് മുന്നിലും സമരനാടകം നടത്തി പിരിഞ്ഞതല്ലാതെ ഈ മേഖലയിൽ ഒന്നും ചെയ്യുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടില്ല.
യുഡിഎഫ് ഭരണത്തിന്റെ അവസാന വർഷത്തിൽ ചില കേസുകളുടെ പേരിൽ നടത്താൻ കഴിയാതെ അടഞ്ഞു കിടന്ന കാഷ്യു കോർപറേഷൻ ഫാക്ടറികൾ തുറക്കുവാൻ കഴിഞ്ഞത് നേട്ടമായി കൊട്ടിഘോഷിക്കുന്ന മന്ത്രി യു ഡി എഫ് ഭരണത്തിലെ ആദ്യ മൂന്നര വർഷം 800ൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു എന്ന കാര്യം മറക്കരുത്
ഐ ആർ സി യിലുള്ള സ്വകാര്യ മുതലാളിമാരെ കൂട്ടുപിടിച്ച് കഴിഞ്ഞ രണ്ട് വർഷമായി മേഖലയിലെ മാസ ശന്പള ജീവനക്കാരുടെ ശന്പള വർധനവ് മന്ത്രിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചിരിക്കുകയാണ്. കരാർ അവസാനിച്ച രണ്ട് വർഷം പിന്നിടുന്പോഴും ശന്പള കരാർ പുതുക്കാത്ത സാഹചര്യം കശുവണ്ടി തൊഴിലാളികളുടെ സംരക്ഷകരായി കൊല്ലത്ത് 11 സീറ്റും ജയിച്ച ഇടതുമുന്നണിയുടെ കാലത്താണെന്ന കുറ്റബോധമെങ്കിലും വേണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച എൻ അഴകേശൻ പറഞ്ഞു.
കോണ്ഗ്രസ് പാർട്ടിയെ തിരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനായി ഒരു വാർഡിൽ നിന്നും അഞ്ച് തൊഴിലാളികളെ വീതം തിരഞ്ഞെടുത്ത് ഐഎൻറ്റിയു സി രൂപീകരിച്ച കർമസേന അംഗങ്ങളുടെ യോഗം ഓഗസ്റ്റിൽ കൊല്ലത്ത് വിളിച്ച് ചേർത്ത് 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനം ആരംഭിക്കുവാൻ യോഗം തീരുമാനിച്ചു. നവംബർ 14ന് ജില്ലാറാലി നടത്തുവാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എൻ അഴകേശൻ അധ്യക്ഷനായ യോഗം സംസ്ഥാന ജന. സെക്രട്ടറി പി ജെ ജോയി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, വടക്കേവിള ശശി, എ കെ ഹഫീസ്, യൂസഫ്കുഞ്ഞ്, അബ്ദുൽ റഹുമാൻ, നാസറുദീൻ, കാഞ്ഞിരവിള അജയകുമാർ, കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, അയത്തിൽ തങ്കപ്പൻ, സുഗതകുമാരി, കുളത്തുപ്പുഴ സലീം, സുഭാഷ് കലവറ, സുരേഷ് കുമാർ ബാബു, ജയപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.