കൂത്തുപറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. അടുത്ത ദിവസം തന്നെ ഈയാളെ പിടികൂടാനാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസം 30ന് പിണറായിയിൽ പോലീസ് സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിനിടെ എടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ ആണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ടത്.
സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുറിയിലിരുന്ന് മുഖ്യമന്ത്രി ജനറൽ ഡയറിയിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തതായി രേഖപ്പെടുത്തുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിലായിരുന്നു പോലീസ് കേസെടുത്തത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കണ്ണൂർ ഐജി ബൽറാം കുമാർ ഉപാധ്യായ, എഡിജിപി അനിൽ കാന്ത്, എസ്പി ജി. ശിവവിക്രം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി ഫയലിൽ ഒപ്പ് വെച്ചത്. ഉദ്യോഗസ്ഥരുടെ മുന്നിലിരുന്ന് മുഖ്യമന്ത്രി വിഭവസമൃദ്ധമായ സദ്യ കഴിക്കുന്നതായി മോർഫ് ചെയ്യപ്പെട്ട ഈ ചിത്രം വസ്തുത അറിഞ്ഞും അറിയാതെയും പലരും ഷെയർ ചെയ്തിതിരുന്നു.
ഈ കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാന്ന് പിണറായി എസ്ഐ എ.വി. ദിനേശ് സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തത്.