പക്ഷേ എനിക്കത് പറയാന്‍ പറ്റും, പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്! മറ്റുള്ള സ്ത്രീകളോടാണ് ഞാനിത് പറയുന്നത്; പുതിയ വെളിപ്പെടുത്തലുമായി നടി പാര്‍വതി

മലയാള സിനിമാ ലോകം അടുത്ത നാളുകളിലായി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വിവാദങ്ങളും തര്‍ക്കങ്ങളും പരസ്പരം കുറ്റപ്പെടുത്തലുകളുമായി എല്ലാവരും അരങ്ങു തകര്‍ക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയിലേയ്ക്ക് തിരിച്ചെടുത്ത സംഭവമാണ് ഏറ്റവും പുതുതായി വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

നടിമാര്‍ക്ക്, സിനിമയിലെ സ്ത്രീകള്‍ക്ക്, വേണ്ടത്ര പരിഗണനയോ അംഗീകാരമോ ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നാല് നടിമാര്‍ ഇറങ്ങിപ്പോയതും. ഇപ്പോഴിതാ പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് നടി പാര്‍വതി രംഗത്തെത്തിയിരിക്കുന്നു. സിനിമാ രംഗത്തുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായാണ് നടി പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്.

ആരുടെയും പേര് എടുത്ത് പറയാതെയുള്ള വെളിപ്പെടുത്തലിനൊപ്പം ആരെയും ശിക്ഷിക്കാനല്ല താനിത് പറയുന്നതെന്നും ഇതൊക്കെ സര്‍വസാധാരണം ആണെന്ന ബോധവത്ക്കരണത്തിനാണെന്നും പാര്‍വതി പറയുന്നുണ്ട്.

പാര്‍വതിയുടെ വാക്കുകള്‍ ഇങ്ങനെ…

എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു.

പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ്. നിങ്ങള്‍ ന്യൂനപക്ഷമല്ല .

Related posts