കസാൻ: ലോകകപ്പ് ഫുട്ബോളിലെ സാംബ താളം നിലച്ചു. ഇന്നലെ രാത്രി നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ 2-1നു കീഴടക്കി ചുവന്ന ചെകുത്താന്മാരായ ബെൽജിയം സെമിയിൽ കടന്നു.
ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളിൽ 13-ാം മിനിറ്റിൽ മുന്നിലെത്തിയ ബെൽജിയത്തിനായി 31-ാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡുയർത്തി. 76-ാം മിനിറ്റിൽ റെനറ്റോ അഗസ്റ്റോയിലൂടെ ഗോൾ മടക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല.
ഇതോടെ ലോകകപ്പ് ഫുട്ബോളിൽനിന്നു വന്പന്മാരായ ജർമനി, സ്പെയിൻ, അർജന്റീന എന്നിവർക്കു പിന്നാലെ ബ്രസീലും പുറത്തായി. സെമിയിൽ ബെൽജിയം ഫ്രാൻസിനെ നേരിടും. ചൊവ്വാഴ്ച രാത്രി 11.30നാണ് സെമി.
ഫെർണാണ്ടീഞ്ഞോയുടെ സെൽഫ് ഗോളാണ് കളിയിലെ വഴിത്തിരിവായത്. ബെൽജിയൻ ഗോളി തിബോ ക്വൂർട്ടോയുടെ അത്യുജ്ജ്വല സേവുകളും ബ്രസീലിന്റെ ഗോൾ ശ്രമങ്ങൾക്ക് വിലങ്ങുതടിയായി.
ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാർട്ടർ പോരാട്ടത്തിൽ ഉറുഗ്വെയെ 2-0നു കീഴടക്കി ഫ്രാൻസ് സെമിയിൽ ഇടംപിടിച്ചു. റാഫേൽ വാറാൻ (40-ാം മിനിറ്റ്), ആൻത്വാൻ ഗ്രീസ്മാൻ (61-ാം മിനിറ്റ്) എന്നിവരായിരുന്നു ഫ്രാൻസിന്റെ ഗോൾ നേട്ടക്കാർ.