തിരിച്ചു വരുമ്പോള്‍ വറുത്ത ചിക്കന്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം കഴിക്കാന്‍ തരണമെന്ന് മാതാപിതാക്കളോട്! അധികം ഹോംവര്‍ക്ക് തരരുതെന്ന് അധ്യാപകരോട്; തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ടിരിക്കുന്ന കുട്ടികളുടെ കത്ത്

ലോകത്തെ ഒന്നടങ്കം നടുക്കിയ സംഭവമാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ കുട്ടികളുടെ വാര്‍ത്ത. നാളുകളായി ഗുഹയില്‍ നിന്ന് പുറത്തു കടക്കാനാവാതെ കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും ഗുഹയില്‍ പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ അവരുടെ തിരിച്ചു വരവിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലുമാണ്. എന്നാലിപ്പോള്‍ ഗുഹയില്‍ നിന്ന് അവര്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും എഴുതിയ ഒരു കത്താണ് ഇപ്പോള്‍ ലോകത്തെ കൂടുതല്‍ വേദനിപ്പിച്ചുകൊണ്ടിരിക്കുന്നത്.

‘നിങ്ങള്‍ വിഷമിക്കേണ്ട. ഞങ്ങള്‍ കരുത്തരാണെന്ന്’ കൈപ്പടയില്‍ തയ്യാറാക്കിയ കത്തില്‍ കുട്ടികള്‍ പറയുന്നു. തിരിച്ചു വരുമ്പോള്‍ തങ്ങള്‍ക്ക് വറുത്ത ചിക്കന്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം വേണമെന്നും കുട്ടികള്‍ പറയുന്നു. അധ്യാപകരോടുമുണ്ട് അഭ്യര്‍ത്ഥന. ‘ദയവായി ഞങ്ങള്‍ക്ക് അമിതമായി ഹോംവര്‍ക്ക് നല്‍കരുതെന്നാണ്’ അധ്യാപകരോട് ഇവര്‍ പറയുന്നത്.

മറ്റൊരു കത്തില്‍ ടീം കോച്ച് മാതാപിതാക്കളോട് ക്ഷമാപണവും നടത്തുന്നുണ്ട്. ‘കുട്ടികളെല്ലാം സുഖമായിരിക്കുന്നുവെന്നൂം രക്ഷാപ്രവര്‍ത്തകര്‍ തങ്ങളെ നന്നായി പരിചരിക്കുന്നുണ്ടെന്നും കത്തില്‍ 25കാരനായ കോച്ച് ഇക്കപോള്‍ ചന്ദവോങ് വ്യക്തമാക്കുന്നു. തന്റെ കഴിവിന്റെ പരമാവധി കുട്ടികളെ സംരക്ഷിക്കും. സഹായത്തിനായി എത്തുന്ന എല്ലാര്‍ക്കും നന്ദിയുണ്ട്. കുട്ടികളുടെ മാതാപിതാക്കളോട് ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പറയുന്നു.

രക്ഷാപ്രവര്‍ത്തകര്‍ വഴിയാണ് കുട്ടികളും കോച്ചും കത്ത് രക്ഷിതാക്കള്‍ക്ക് എത്തിച്ചത്. രക്ഷിതാക്കളില്‍ നിന്നുള്ള സന്ദേശവും രക്ഷാപ്രവര്‍ത്തരിലൂടെ ഇവര്‍ക്ക് എത്തിയിരുന്നു. ജൂണ്‍ 23നാണ് ഫുട്ബോള്‍ ടീമിലെ 12 കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയത്. കുട്ടികളെ കാണാതായി പത്തു ദിവസം കഴിഞ്ഞാണ് ഇവരെ ഗുഹയ്ക്കുള്ളില്‍ കണ്ടെത്തിയത്. കനത്ത മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കമാണ് രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നത്.

Related posts