പത്തനംതിട്ട: കടമ്മനിട്ട കാരുമല മേലേടത്ത് കെ. ആർ. വിനോദിന്റെയും മഞ്ജുവിന്റെയും മകൾ പ്ലസ്ടു വിദ്യാർഥിനി മൈഥിലിയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധാകരൻപിളളയ്ക്കാണ് അന്വേഷണച്ചുമതലയെന്ന് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ അറിയിച്ചു.
കടമ്മനിട്ട ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ മൈഥിലിയെ കഴിഞ്ഞമാസം 13ന് വൈകുന്നേരം 4.15നാണ് വീട്ടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈഥിലളയുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്നു ആവശ്യപ്പെട്ട് മാതാപിതാക്കളും ആക്ഷൻ കൗണ്‍സിലും പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നൽകയിരുന്നു. ഇന്നലെ നാരങ്ങാനത്ത് നൂറു കണക്കിന് ആളുകൾ പങ്കെടുത്ത സായാഹ്ന ധർണ നടന്നു.
മൈഥിലി മനോവിഷമം കൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് ലോക്കൽ പോലീസ് അന്വേഷണ റിപ്പോർട്ട്. എന്നാൽ സാഹചര്യത്തെളിവുകൾ ദുരൂഹമാണ്. മൃതദേഹത്തിൽ കണ്ടെത്തിയ പാടുകൾ ഉൾപ്പെടെ ഇതൊരു കൊലപാതകമാണെന്നു സംശയിക്കുന്നതായി ബന്ധുക്കളും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികളും ചൂണ്ടിക്കാട്ടി.