ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിലെ മേർച്ചറിയുടെ പ്രവർത്തനം നിർത്തലായിട്ട് മൂന്നുമാസം പിന്നിടുന്നു. കഴിഞ്ഞ ഏപ്രിൽ 15 നാണ് മോർച്ചറിയുടെ പ്രവർത്തനം നിർത്തലാക്കി സൂപ്രണ്ട് ഉത്തരവിട്ടത്. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ എലി കടിക്കുന്നതായും ഉറുന്പരിക്കുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണു മോർച്ചറിയുടെ പ്രവർത്തനം നിർത്തലാക്കിയത്.
പോസ്റ്റുമോർട്ടം നടത്തുന്നതിനു മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ എത്തുന്പോൾ കാണുന്നത് ഉറുന്പുകൾ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളാണെന്നു പോലീസ് പറഞ്ഞു. താലൂക്ക് വികസനസമിതി യോഗത്തിൽ ട്രാഫിക് പോലീസ് എസ്ഐ തോമസ് വടക്കനാണു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മൃതദേഹങ്ങളെ അപമാനിക്കുന്ന കാഴ്ചയാണു മോർച്ചറിയിലുള്ളതന്നെും തന്റെ ബന്ധു മരിച്ച് മോർച്ചറിയിൽ കാണാൻ ചെന്നപ്പോൾ മൃതദേഹം പുളിയുറുന്പ് പൊതിഞ്ഞ നിലയിലായിരുന്നുവെന്നും പടിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.സി. ബിജുവും യോഗത്തിൽ പറഞ്ഞിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുചെല്ലുന്പോൾ മൃതദേഹത്തിൽ പോലീസ് രേഖപ്പെടുത്തിയ മുറിവുകളേക്കാൾ കൂടുതൽ മുറിവുകൾ കാണുന്നുണ്ടെന്നും അതു എങ്ങനെയെന്ന പോലീസ് സർജന്റെ ചോദ്യത്തിനു മറുപടിയില്ലെന്നും പോലീസ് പറഞ്ഞു. പിന്നീടുള്ള അന്വേഷണത്തിലാണു മോർച്ചറിയിൽ മൃതദേഹം എലി കടിക്കുന്നതായി വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
അപകടമരണങ്ങളിൽ മൃതദേഹങ്ങളിൽ ഉണ്ടാകുന്ന മുറിവുകൾ കേസുകളെ ബാധിക്കുന്നുണ്ടെന്നും ഇതിനു പരിഹാരമായി മോർച്ചറിയിൽ ഫ്രീസർ സ്ഥാപിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. താലൂക്ക് വികസനസമിതിയിൽ മോർച്ചറിയുടെ ശോചനീയാവസ്ഥ ചർച്ചയായതോടെ മോർച്ചറി അടച്ചിടുവാൻ സൂപ്രണ്ട്് നിർദേശിച്ചു.
ഈ അവസ്ഥയ്്ക്ക് കാരണം നഗരസഭയുടെ അനാസ്ഥയാണെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കൗണ്സിൽ യോഗത്തിൽ പ്ലക്കാർഡുമായി പ്രതിഷേധം രേഖപ്പെടുത്തുകയും ഇറങ്ങിപോക്കും നടത്തിയിരുന്നു. യുവമോർച്ചയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.
ജനറൽ ആശുപത്രിയിൽ വരുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകേണ്ട ഗതികേടിലാണിപ്പോൾ. പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കിട്ടാൻ സമയം വൈകുന്നതായും പോലീസ് എൻക്വസ്റ്റുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. അധികൃതർ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.