സ്വന്തം ലേഖകൻ
എടമുട്ടം: ’ഞാൻ ഭഗവാനല്ല, സാധാരണക്കാരനായ അധ്യാപകൻ മാത്രം.’ തമിഴ്നാട്ടിലെ വിദ്യാർഥികൾക്കു ഭഗവാനു തുല്യസ്ഥാനം നൽകുന്ന അധ്യാപകൻ ഭഗവാന്റേതാണു വാക്കുകൾ. തമിഴ്നാട്ടിലെ വെളിനഗരം സർക്കാർ സ്കൂളിൽനിന്നുള്ള സ്ഥലംമാറ്റ ഉത്തരവ് വിദ്യാർഥികൾ സ്നേഹാദരങ്ങളോടെ നടത്തിയ വളഞ്ഞുവയ്ക്കൽ സമരത്തിലുടെ മരവിപ്പിക്കേണ്ടിവന്നിരുന്നു.
ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ ശ്രീനാരായണ ഹാളിൽ ഒരുക്കിയ വിദ്യാഭ്യാസ അവർഡുദാന ചടങ്ങിൽ ഡോ. എസ്. രാധാകൃഷ്ണൻ പുരസ്കാരം ഏറ്റു വാങ്ങി സംസാരിക്കുകയായിരുന്നു ഭഗവാൻ. അധ്യാപകരും വിദ്യാർഥികളും തമ്മിൽ ജാഡകളുടെ പേരിലുള്ള അന്തരമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്.
വലിയ കേമനായ അധ്യാപകൻ, ചെറിയ അധ്യാപകൻ എന്നിങ്ങനെയള്ള തരംതിരിവുകളില്ല. ഓരോ വിദ്യാർഥിയുടേയും ഹൃദയത്തിൽ തൊട്ടാണ് അധ്യാപകൻ പഠിപ്പിക്കേണ്ടത്. അറിവ് ഹൃദയത്തിൽ സ്പർശിക്കുന്പോഴാണ് വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുക.
പാഠപുസ്തകങ്ങളെ മാത്രം ആധാരമാക്കിയുള്ളതല്ല വിദ്യാഭ്യാസം. ജീവിത സാഹചര്യങ്ങളും ചുറ്റുമുള്ളവരുടെ വേദനകളും കണ്ടറിഞ്ഞു മുന്നേറുന്പോഴാണ് വിദ്യാർഥി യഥാർഥ അറിവു നേടുന്നത്. ഞങ്ങളുടെ സ്കൂളിൽ നിരവധി അധ്യാപകരുണ്ട്. അവരിൽ ഒരാൾ മാത്രമാണ്. എന്നാൽ എന്നെ മാത്രമാണ് വിദ്യാർഥികൾ പിടിവിടാതെ തടഞ്ഞുവച്ചത്.
കേരളത്തിൽ ആദ്യത്തെ വേദിയാണിത്. ഇതെ എനിക്ക് ഉൗർജം പകരുന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സർക്കാർ സ്കൂളിന്റെ പരിമിതികൾക്കുള്ളിൽനിന്നുകൊണ്ട് ഇനിയും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ പുരസ്കാരം സമ്മാനിച്ചു.
ജില്ലാ പഞ്ചായത്തംഗം ശോഭ സുബിൻ അധ്യക്ഷനായി. ശ്രീലങ്കയിൽ നടന്ന യോഗ ചന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ പ്രിയങ്ക അഖിലിനെ ആദരിച്ചു. പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ ഇ.കെ. തോമസ്, എം.ആർ. സുഭാഷണി, പി. വിനു, കാട്ടൂർ എസ്ഐ ഇ.ആർ. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.