നെല്ലിയാന്പതി: മലയോര മേഖലയായ നെല്ലിയാന്പതിയിൽ പ്രവർത്തിക്കുന്ന സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർക്ക് ആദിവാസികളോട് അയിത്തം. ചികിത്സ തേടിയെത്തുന്ന രോഗികളോടാണ് തൊട്ടുകൂടായ്മ കാണിക്കുന്നതെന്നാണ് പരാതി ഉയർന്നതിരിക്കുന്നത്. ഇതു സംബന്ധിച്ച് ആദിവാസി പുല്ലുകാട് ആദിവാസികോളനി മൂപ്പൻ രവി മന്ത്രിക്കും, ജില്ലാ കളക്ടർക്കും പരാതി നൽകി.
കൈകാട്ടിയിൽ പ്രവർത്തിക്കുന്ന പി.എച്ച്.സി യിലാണ് ബുധനാഴ്ച ചികിത്സക്ക് എത്തിയ ആദിവാസി രോഗിയോട് ഡോക്ടർ തൊട്ടുകൂടായ്മ കാണിച്ചതാണ് പരാതി. ശരീരഭാഗം തളർന്നു പോയ മയിൽസ്വാമി (68) യെന്ന മുതിർന്ന ആദിവാസി കാരണവർക്കാണ് ഡോക്ടറുടെ അവഹേളനത്തിനിരയായത്.
പരസഹായത്തോടെ കഴിഞ്ഞ തിങ്കളാഴ്ച മയിൽസ്വാമി പരിശോധനയ്ക്കു വേണ്ടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ രണ്ടു ദിവസം കഴിഞ്ഞു വരാൻ ആവശ്യപ്പെടുകയായിരുന്നു. അതുപ്രകാരം ബുധനാഴ്ച ഒ.പി യിൽ എത്തിയപ്പോഴാണ് മയിൽസ്വാമിക്ക് ഡോക്ടറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായതായി പരാതിയിൽ പറയുന്നു.
മയിൽസ്വാമി ആദ്യം ഡോക്ടറുടെ അടുത്തുകിടന്ന സ്റ്റൂളിൽ ഇരുന്നെങ്കിലും ഉടനെ ഡോക്ടർ മയിൽസ്വാമിയെ അകലേക്ക് മാറിയിരിയ്ക്കാൻ ആവശ്യപെടുകയായിരുന്നു. സ്ത്രീകളോടും മറ്റുതൊഴിലാളികളോടും ഈ രീതിയിൽ പെരുമാറുന്നതെന്നാണ് പരാതി.
പാലിയേറ്റീവ് കെയർ ചികിത്സക്ക് വിധേയനായ ആദിവാസി രോഗിയോട് കൈകാട്ടിയിലെ ഡോക്ടർ കാണിച്ച തൊട്ടുകൂടായ്മയിലും, മനുഷ്യാവകാശലംഘനത്തിനും, ആദിവാസികളോട് അപമര്യാദയായി പെരുമാറിയതിലും പ്രതിഷേധിച്ച് നെല്ലിയാന്പതി ആദിവാസി മൂപ്പൻ പി.രവി പാലക്കാട് ജില്ലാ കലക്ടർക്കും, മന്ത്രി എ.കെ.ബാലനും അടിയന്തിരമായി ഫാക്സ് മുഖേന പരാതി സമർപ്പിച്ചു.
തിരക്കു കാരണമുള്ളബുദ്ധിമുട്ടിൽ പെരുമാറ്റം മോശമായി തോന്നിയതാകാമെന്നും മനഃപൂർവമായി മൂപ്പനെതിരേ അവഹേളനമൊന്നും ചെയ്തിട്ടില്ലെന്നും ഡോക്ടർ രാഷ്ട്രദീപികയോടു പറഞ്ഞു.