പത്തനാപുരം:വായന എന്നത് അനുഭവം മാത്രമല്ല,ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തിയെടുക്കുകയാണ് തലവൂർകുര ഗവ.എൽപിസ്കൂൾ. പുതിയ തലമുറയുടെ സംസ്കാര സമ്പന്നതക്ക് പ്രചോദകമാകുന്ന രീതിയില്‍ വായനയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാലയത്തിൽ വായനാമുറി തുറന്നു
അക്ഷര വഴിയിലെ അപൂര്‍വ്വ സാന്നിധ്യവും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ പി.എന്‍ പണിക്കരുടെ പേരിലാണ് വായനാമുറി ആരംഭിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്തംഗം അമ്പിളിദാസപ്പൻ ഉത്ഘാടനം ചെയ്തു.പി.എൻ.പണിക്കരുടെ ചെറുമകൻ റിട്ട. ക്യാപ്റ്റൻ രാജീവ് നായരാണ് സ്കൂളിലേക്ക് ആവശ്യമായ പുസ്തകൾ സംഭാവന നൽകിയത്.
വായന ഒരിക്കലും മരിക്കുന്നില്ല അതിന്റെ രൂപവും രീതികളുമാണ് മാറിയിരിക്കുന്നതെന്ന് രാജീവ് നായർ പറഞ്ഞു. മുത്തച്ഛന്റെ ഓർമകൾ കുട്ടികളോട് പങ്കുവെയ്ക്കുവാനും അദ്ദേഹം മറന്നില്ല.
സ്കൂൾ ഹെഡ്മിസ്ട്രസ് ഡി.പ്രസന്നകുമാരി, പിറ്റിഎ പ്രസിഡന്റ് വിനോദ്, അധ്യാപിക പി.ലേഖ, ബി.ആർ.സി ട്രയിനർ ജ്യോതി എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി തലവൂർ ഗ്രാമപഞ്ചായത്തിൽ നിന്നും സ്കൂളിലേക്ക് അനുവദിച്ച പ്രൊജക്ടറിന്റെ സ്വിച്ച് ഓൺ കർമവും നടന്നു.