മട്ടന്നൂർ: വിമാനം പറന്നുയരാൻ പോകുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക ഫയർ സ്റ്റേഷൻ സജ്ജമായി. നാല് അഗ്നിശമനയന്ത്രം എത്തിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവള പദ്ധതി പ്രദേശത്തു ആദ്യമായി സജ്ജമായതും ജീവനക്കാരെ നിയമിച്ചു പരിശീലനം തുടങ്ങിയതും ഫയർസ്റ്റേഷൻ കെട്ടിടമാണ്.
റൺവേയുടെ ആദ്യവും അവസാനവുമായി രണ്ടു കെട്ടിടങ്ങളിലായാണ് ഫയർഫോഴ്സ് പ്രവർത്തിക്കുന്നത്. ഒന്നിനു അഞ്ചരക്കോടിയോളം രൂപ വിലമതിക്കുന്ന നാലു ഫയർ എൻജിനുകൾ ഓസ്ട്രിയയിൽ നിന്നു മാസങ്ങൾക്ക് മുമ്പേ വിമാനത്താവള പദ്ധതി പ്രദേശത്ത് എത്തിച്ചിരുന്നു.
രണ്ടു സ്റ്റേഷനുകളിലുമായി രണ്ടു വീതം ഫയർഎജിനുകളാണ് സുരക്ഷയുടെ ഭാഗമായി നിർത്തിയിടുക. രക്ഷാപ്രവർത്തനത്തിനു ഉൾപ്പെടെ 66 പേരെയാണ് കിയാൽ അഗ്നിശമന വിഭാഗത്തിൽ നിയമിച്ചിരിക്കുന്നത്. മാനേജർ, അസി.മാനേജർ, സൂപ്പർവൈസർ, മറ്റു ജീവനക്കാർ എന്നീവയാണ് നിയമിച്ചിരിക്കുന്നത്.
ജോലിയിൽ പ്രവേശിപ്പിച്ചവർക്ക് വിവിധ സ്ഥലങ്ങളിൽ വച്ചു പരിശീലനം നൽകിയതിനു ശേഷമാണ് കണ്ണൂർ വിമാനത്താവളത്തിലേക്ക് അയച്ചത്. വിമാനത്താവളത്തിൽ വച്ചു വിവിധ യന്ത്രങ്ങളുടെ പരിശീലനവും മൂന്നു മാസം മുമ്പ് നൽകിയിരുന്നു.