തിരുവനന്തപുരം: സിപിഎമ്മിലേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം നിരസിച്ച് ആർഎസ്പി. നിലവിൽ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
ദേശീയ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയുടെ പ്രസക്തി വർധിച്ചു. ആർഎസ്പി സ്വീകരിച്ച നിലപാടിനെ ശക്തിപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കോടിയേരിയുടെ ശ്രമം അണികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്നും അസീസ് പറഞ്ഞു.
പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫ് വിട്ടശേഷം ഈ നിലയ്ക്കുള്ള തുറന്ന സമീപനം ആർഎസ്പിയുടെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്നത് ആദ്യമാണ്.
യുഡിഎഫ് വിട്ടുവന്നാൽ ആർഎസ്പിയെ ഉൾക്കൊള്ളാൻ എൽഡിഎഫ് തയാറാണ്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു ഫലത്തെ തുടർന്നു കോൺഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആർഎസ്പിയിൽ ശക്തമാണ്. ഇടത് ഐക്യത്തിന്റെ കൊടി ഉയർത്തണമെന്നു പരസ്യമായി പറയാൻ ചില നേതാക്കൾ തയാറായിട്ടുണ്ട്. ഇവരുടെ ശബ്ദം കേൾക്കാനും യുഡിഎഫ് വിട്ടു പുറത്തുവരാനും തയാറായില്ലെങ്കിൽ ആ പാർട്ടി വലിയ തകർച്ച നേരിടും– കോടിയേരി ലേഖനത്തിൽ പറഞ്ഞു.